സുന്ദറിന്റെ ലെഗ്‌സ്റ്റമ്പിന് മുകളില്‍ നിന്ന് ബെയില്‍സ് നിലം തൊട്ടപ്പോള്‍ മൊമന്റം മുംബൈക്കൊപ്പമാകുകയായിരുന്നു, അല്ല, ബുമ്ര ആക്കുകയായിരുന്നു
ഹാര്‍ദിക്ക് പാണ്ഡ്യ വിക്കറ്റിനായുള്ള അതിയായ ദാഹത്തിലായിരുന്നു. സ്കോറിങ് ഇത്ര അനായാസമാണോ എന്ന് തോന്നിപ്പിക്കുകയായിരുന്നു സായ് സുദര്‍ശനും വാഷിങ്ടണ്‍ സുന്ദറും. പരിഹാരത്തിനായി ഹാര്‍ദിക്ക് ട്രെൻ ബോള്‍ട്ടിന്റെ മുന്നിലെത്തി. നാലാം പന്ത് ഫൈൻ ലെഗിന് മുകളിലൂടെ, അടുത്തത് മീഡ് വിക്കറ്റിലൂടെ ആകാശം തൊടുന്നു, അവസാന ശ്രമത്തിലും വാഷിങ്ടണിന്റെ ക്ലാസ്. 18 റണ്‍സ്. ഡഗൗട്ടില്‍ രോഹിത് ശര്‍മ പതിവില്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.
13-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ബോര്‍ഡില്‍ 148 റണ്‍സ്. 42 പന്തുകള്‍ക്കും 80 റണ്‍സിനുമകലെ ജയം. കളി ഗുജറാത്തിന്റെ വരുതിയിലാണ്. 14-ാം ഓവറിനായി അശ്വനി കുമാര്‍ തയാറെടുക്കുകയാണ്. പക്ഷേ, ഹാര്‍ദിക്ക് അശ്വനിയെ തടഞ്ഞു. പന്ത് ബുമ്രയിലേക്ക് കൈമാറി. ഇത്ര നേരത്തെ ബുമ്രയെ ഉപയോഗിക്കേണ്ടതുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടാകണം പലരും. രണ്ടാം സ്പെല്ലിനായി ബുമ്ര എത്തുകയാണ്. Now or never moment for Mumbai!
1, 1, 1...ഇതായിരുന്നു ആദ്യ മൂന്ന് പന്തുകളുടെ ഫലം. ഒരു അസാധാരണ നിമിഷത്തിന് മുൻപുള്ള ശാന്തതയായിരുന്നു അത്. നാലാം പന്ത്. ബോള്‍ട്ടിനെ ഗലി ക്രിക്കറ്റിലെന്നപോലെ തൂക്കി ആത്മവിശ്വസത്തിന്റെ കൊടുമുടിയിലാണ് സുന്ദർ. ബുംറ ഫ്രം ഓവർ ദ വിക്കറ്റ്. കണ്ണ് ചിമ്മി തുറന്നപ്പോള്‍ ലെഗ് സ്റ്റമ്പ് മിഡില്‍ സ്റ്റമ്പിനോട് ചേർന്നിരിക്കുകയാണ്. സുന്ദറാകട്ടെ തന്റെ ബാലൻസ് അടിമുടി തെറ്റി വിക്കറ്റില്‍ വീണിരിക്കുന്നു.
എ ക്ലാസിക്ക് ജസ്പ്രിത് ബുമ്ര മൊമന്റായിരുന്നു അവിടെ സംഭവിച്ചത്. സുന്ദറിന്റെ ടോയെ ലക്ഷ്യമാക്കി, മണിക്കൂറില്‍ 143 കിലോമീറ്റർ വേഗതയില്‍ ബുമ്രയുടെ പന്ത് മൂളിപറന്നെത്തുന്നു. പന്തിനെ നേരിടാനായി തന്റെ സ്റ്റാൻസ് ഓപ്പണാക്കി സുന്ദര്‍. പ്രതിരോധിക്കാം എന്ന ചിന്ത സുന്ദറിന്റെ തലച്ചോറിലേക്ക് എത്തുന്നതിന് മുൻ പന്ത് ക്രീസിലെ വരകടന്ന് സ്റ്റമ്പില്‍ തൊട്ടു. You are witnessing a master at work, Genius!
വായുവിലേക്കൊരു പഞ്ചിന് മുതിർന്ന ബുമ്ര അത് പാതി വഴിയില്‍ നിർത്തി സുന്ദറിനെ ഒന്നു നോക്കി. One of the coldest frame in this IPL, Unmatched aura. മറുതലയ്ക്കല്‍ തന്റെ കരിയറിലെ ഏറ്റവും മോശം ഫ്രെയിമുകളിലൊന്നിലേക്കായിരുന്നു സുന്ദറിന്റെ വീഴ്‌ച. ഇഷാന്ത് ശർമയുടെ പന്തില്‍ ആന്ദ്രെ റസല്‍ കൂപ്പുകുത്തി വീണ നിമിഷത്തിന്റെ ആവർത്തനം പോലൊന്ന്.
സുന്ദറിന്റെ ലെഗ്‌സ്റ്റമ്പിന് മുകളില്‍ നിന്ന് ബെയില്‍സ് നിലം തൊട്ടപ്പോള്‍ മൊമന്റം മുംബൈക്കൊപ്പമാകുകയായിരുന്നു, അല്ല, ബുമ്ര ആക്കുകയായിരുന്നു. മത്സരശേഷം ഹർഷ ബോഗ്‌ലെ ഹാർദിക്കിനോട് ചോദിച്ചു, ബുമ്രയെ എവിടെ എറിയിക്കണമെന്ന തീരുമാനം എടുക്കുന്നത് എങ്ങനെയെന്ന്. ഹാർദിക്കിന്റെ ഉത്തരം വളരെ ലളിതമായിരുന്നു, ആ ഉത്തരത്തില്‍ ബുംറയുടെ ഒരു മത്സരത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രത്തോളമെന്ന് ഉണ്ടായിരുന്നു.
മത്സരം കൈവിടുന്നുവെന്ന് തോന്നുന്ന നിമിഷം, അവിടെയാണ് ബുംറ എത്തുക. ഇതായിരുന്നു ഹാർദിക്കിന്റെ മറുപടി. രണ്ടാം സ്പെല്ലില്‍ ബുമ്ര വഴങ്ങിയത് 12 റണ്‍സ് മാത്രം. 436 റണ്‍സ് പിറന്ന മത്സരം. ശരാശരി ഒരു ഓവറില്‍ 11 റണ്‍സിനടുത്താണ് സ്കോര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ, ബുമ്ര എറിഞ്ഞ നാല് ഓവറില്‍ വഴങ്ങിയത് 27 റണ്‍സ് മാത്രം, എക്കണോമി 6.75. എലിമിനേറ്ററില്‍ ഗുജറാത്തിനേയും മുംബൈയേയും വേര്‍തിരിച്ചത് ആ അണ്‍ഓര്‍ത്തഡോക്‌സ് ആക്ഷനായിരുന്നു. ചിലര്‍ അഗ്ലിയെന്ന് പോലും പറയുന്ന ആക്ഷൻ.
228 റണ്‍സ് പിന്തുടരാൻ ഇറങ്ങുമ്പോള്‍ ബുംറയുടെ നാല് ഓവർ കുറച്ചിട്ട് കണക്കുകൂട്ടണം നിങ്ങള്‍. ഗുജറാത്തിനെതിരെ 11 ഡോട്ട് ബോളുകളാണ് ബുംറയെറിഞ്ഞത്. മറ്റൊരു ബൗളര്‍ക്കും പത്ത് കടക്കാനായിട്ടില്ല. സീസണിലുടനീളം ബുമ്ര ഇതേ സ്ഥിരതയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് എക്കണോമി ആറ് കടന്നത്, അത് ഇന്നലെയായിരുന്നു.
സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ ബുമ്ര കളത്തിലെത്തി. നേടിയത് 18 വിക്കറ്റുകള്‍. എക്കണോമി 6.36 ആണ്. ഗോട്ട് സ്റ്റഫ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്. മധ്യ ഓവറുകളിലെ ബുമ്രയുടെ എക്കണോമി അഞ്ചിലും താഴെയാണ്. പല സീസണുകളിലായി തുടരുന്ന കൃത്യത. മുംബൈയുടെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായതിന് ശേഷം ഒരു സീസണിലെ ബുമ്രയുടെ ഏറ്റവും മോശം എക്കണോമി പോലും 7.8 ആണ്, അതും 2016ല്‍.
ട്വന്റി 20 ക്രിക്കറ്റ് ബാറ്റർമാരുടെ ഗെയിമായി മാറിക്കഴിഞ്ഞുവെന്ന് വ്യാപക വിലയിരുത്തലുകള്‍ നിലനില്‍ക്കുന്നു. ബൗളര്‍മാര്‍ വിക്കറ്റെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് വിക്കറ്റ് കിട്ടാറാണ് പതിവ്. അവിടെയാണ് അസാമാന്യ എക്കണോമിയില്‍ ബുംറ വിക്കറ്റ് എടുക്കുന്നത്, തന്റെ പന്തുകള്‍ക്കൊണ്ട് വിജയം നിര്‍ണയിക്കുന്നതും. GREATNESS!


