ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പോരില്‍ സായ് സുദര്‍ശന്‍ ബഹുദൂരം മുന്നില്‍. മുംബൈയ്‌ക്കെതിരെ 80 റണ്‍സ് നേടിയതോടെ 15 മത്സരങ്ങളില്‍ നിന്ന് 759 റണ്‍സായി സായിയുടെ സമ്പാദ്യം. സൂര്യകുമാര്‍ യാദവിന് സായിയെ മറികടക്കാന്‍ 87 റണ്‍സ് വേണം.
മൊഹാലി: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ബഹുദൂരം മുന്നിലെത്തി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ എലിമിനേറ്ററില്‍ 49 പന്തില്‍ 80 റണ്‍സാണ് സായ് നേടിയത്. ഇതോടെ 15 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് 759 റണ്‍സായി. 54.21 ശരാശരിയിലും 156.17 സ്‌ട്രൈക്ക് റേറ്റിലുമാണ് സായിയുടെ റണ്‍വേട്ട. മുംബൈയോട് തോറ്റതോടെ ഗുജറാത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതോടെ സായ് സുദര്‍ശന്റെ സീസണ്‍ അവസാനിക്കുകയും ചെയ്തു. ഒരു സീസണില്‍ 700 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സായ്. 2016ല്‍ വിരാട് കോലി 973 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതുതന്നെയാണ് ഒരു സീസണിലെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍. 2023 സീസണില്‍ 890 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന് പിന്നിലാണ് സായ്. കഴിഞ്ഞ സീസണില്‍ കോലി ഒരിക്കല്‍ കൂടി 700 കടന്നു. 741 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.
സായിയുടെ മത്സരങ്ങള്‍ അവസാനിച്ചിരിക്കെ ഓറഞ്ച് ക്യാപ്പിന് മറ്റൊര അവകാശി ഉണ്ടാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 15 മത്സരങ്ങളില്‍ 673 റണ്‍സുമായി സൂര്യകുമാര്‍ യാദവ് സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സിന് നാളെ പഞ്ചാബ് കിംഗ്‌സിനെതിരെ മത്സരമുണ്ട്. അവര്‍ക്കെതിരെ രണ്ടാം ക്വാളിഫയറില്‍ ജയിച്ചാല്‍ വീണ്ടും മറ്റൊരു അവസരം കൂടി ലഭിക്കും. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ. 87 റണ്‍സാണ് സൂര്യക്ക്, സായിയെ മറികടക്കാന്‍ വേണ്ടത്. സൂര്യ മറികടക്കുമോയെന്ന് കണ്ടറിയാം. 15 മത്സരങ്ങളില്‍ 650 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് മൂന്നാം സ്ഥാനത്ത്.
13 കളികളില്‍ 627 റണ്‍സുമായി ലക്നൗ താരം മിച്ചല്‍ മാര്‍ഷാണ് നാലാം സ്ഥാനത്ത്. എന്നാല്‍ ലക്നൗ അവസാന ലീഗ് മത്സരം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി മിച്ചല്‍ മാര്‍ഷിന് മുന്നേറാന്‍ അവസരമില്ല. 14 കളികളില്‍ 614 റണ്‍സ് നേടിയ ആര്‍സിബിയുടെ വിരാട് കോലിയാണ് അഞ്ചാമത്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെതിരെ 12 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇനി ഫൈനലില്‍ വലിയ സ്‌കോര്‍ നേടിയാല്‍ പോലും സായിയെ മറികടക്കാനുള്ള സാധ്യത വിദൂരമാണ്.
559 റണ്‍സുമായി ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്സ്വാളിനും 539 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എല്‍ രാഹുലിനും ഇനി മുന്നേറാനാവില്ല. 538 റണ്‍സുമായി ഗുജറാത്തിന്റെ ജോസ് ബട്‌ലര്‍ എട്ടാമതാണ്. എലിമിനേറ്ററില്‍ കളിക്കില്ലെന്നതിനാല്‍ റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ ഇനി അവസരമുണ്ടാകില്ല. നിക്കോളാസ് പുരാന്‍ (524), പ്രഭ്‌സിമ്രാന്‍ സിംഗ് (517) എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.



