പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം വരാനിരിക്കുന്നതിനാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഒമാനെതിരെ വിശ്രമം അനുവദിച്ചേക്കുമെന്നുറപ്പാണ്.

ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചതിനാല്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള സന്നാഹം മാത്രമാണ് ഇന്ത്യക്ക് ഇന്നത്തെ ഒമാനെതിരായ മത്സരം. അതുകൊണ്ട് തന്നെ ഒമാനെതിരെ ഇന്ത്യ ടീമില്‍ നിരവധി പരീക്ഷണങ്ങൾക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ അവസരം കിട്ടാത്ത താരങ്ങള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. എന്നാല്‍ അടിമുടി മാറ്റത്തിന് ഗൗതം ഗംഭീര്‍ തയാറാകുമോ എന്ന് കണ്ടറിയണം.

പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം വരാനിരിക്കുന്നതിനാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഒമാനെതിരെ വിശ്രമം അനുവദിച്ചേക്കുമെന്നുറപ്പാണ്. ബുമ്ര പുറത്തിരിക്കുമ്പോള്‍ പകരം അര്‍ഷ്ദീപ് സിംഗ് ആകും പ്ലേയിംഗ് ഇലവനിലെത്തുക. രാജ്യാന്തര ടി20യില്‍ 99 വിക്കറ്റുമായി ഇന്ത്യയുടെ എക്കാലത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപിന് 100 വിക്കറ്റ് നേട്ടം തികയ്ക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാകും ഇന്ന്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റിലും ടീമിലുണ്ടായിട്ടും അര്‍ഷ്ദീപിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അര്‍ഷ്ദീപ് പ്ലേയിംഗ് ഇലവനിലെത്തുമെന്ന് ഉറപ്പാണ്.

അബുദാബിയിലെ പിച്ചും സാഹചര്യങ്ങളും ദുബായിലേതുപോലെ സ്പിന്നര്‍മാരെ തുണക്കുന്നത് അല്ലെന്നതിനാല്‍ വരുൺ ചക്രവര്‍ത്തിക്ക് പകരം മറ്റൊരു പേസറായ ഹര്‍ഷിത് റാണയെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹര്‍ഷിത് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പുറത്തിരിക്കാന്‍ സാധ്യതതയുള്ള മറ്റൊരു താരം. ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചാല്‍ പകരം റിങ്കു സിംഗാവും പ്ലേയിംഗ് ഇലവനിലെത്തുക.

ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് പകരം ജിതേഷ് ശര്‍മയെ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമോ എന്നും കണ്ടറിയേണ്ടതാണ്. ഇനിയുള്ളത് നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരങ്ങളാണെന്നതിനാല്‍ ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്തവര്‍ക്ക് കളിക്കാന്‍ കഴിയുന്ന അവസാന മത്സരമാകും ഇത്. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഇന്ന് ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക