വിരാട് കോലിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കളിക്കാരൻ കൂടിയാണ് ആമിര്‍. വിരാട് കോലിയുടെ ബാറ്റ് പരിശോധിക്കുന്ന ചിത്രം കൂടി പങ്കുവെച്ചാണ് ആമിറിന്‍റെ എക്സ് പോസ്റ്റ്.

കറാച്ചി: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ വീണ്ടും പാകിസ്ഥാനെ നേരിടാനിറങ്ങും മുമ്പ് ഇന്ത്യൻ താരം വിരാട് കോലിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുമായി മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങള്‍ തമ്മിലുണ്ടായ ഹസ്തദാന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ആമിറിന്‍റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഒരുകാര്യം ഉറപ്പായി, വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരം മാത്രമല്ല, മനുഷ്യൻ കൂടിയാണെന്ന് വ്യക്തമായി, ബഹുമാനം എന്നായിരുന്നു ആമിറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

വിരാട് കോലിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കളിക്കാരൻ കൂടിയാണ് ആമിര്‍. വിരാട് കോലിയുടെ ബാറ്റ് പരിശോധിക്കുന്ന ചിത്രം കൂടി പങ്കുവെച്ചാണ് ആമിറിന്‍റെ എക്സ് പോസ്റ്റ്. ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോലി ഏഷ്യാ കപ്പ് ടീമിലില്ല. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അംഗങ്ങളെ ചെറുതാക്കുക എന്ന് കൂടി ലക്ഷ്യമിട്ടാണ് ആമിറിന്‍റെ പോസ്റ്റ് എന്നാണ് കരുതുന്നത്.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെ നേരിടാനിറങ്ങിയപ്പോള്‍ മത്സരത്തിലെ ടോസിനുശേഷം പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയുമായി ഹസ്തദാനം നടത്താന്‍ സൂര്യകുമാര്‍ യാദവ് തയാറായിരുന്നില്ല. മത്സരശേഷവും പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം നടത്താന്‍ ഇന്ത്യൻ താരങ്ങളാരും തയാറായില്ല. മത്സരത്തിലെ ടോസ് സമയത്ത് ഇന്ത്യൻ നായകന് കൈ കൊടുക്കാന്‍ മുതിരരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ യുഎഇക്കെതിരായ മത്സരത്തന് മുമ്പ് ഭീക്ഷണി മുഴക്കിയിരുന്നു. ഒടുവില്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ ഒരു മണിക്കൂര്‍ വൈകിയാണ് യുഎഇക്കെതിരായ മത്സരത്തിന് പാകിസ്ഥാന്‍ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക