ഈ ലോകകപ്പിന്‍റെ താരങ്ങളിലൊരാളാണ് രചിന്‍ രവീന്ദ്ര എന്ന 23കാരന്‍. ഒമ്പത് കളികളില്‍ 565 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാമതുള്ള രചിന്‍ രവീന്ദ്ര മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ വെടിക്കെട്ട് തുടര്‍ന്നാല്‍ പിടിച്ചുകെട്ടുത ഇന്ത്യക്ക് ബുദ്ധിമുട്ടാവും.

മുംബൈ: ലോകകപ്പ് സെമിയില്‍ ബുധനാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ലീഗ് ഘട്ടത്തിലെ സമ്പൂര്‍ണ ജയത്തിന്‍റെ ആവേശത്തില്‍ എത്തുന്ന ഇന്ത്യക്ക് മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന താരങ്ങള്‍ ന്യൂസിലന്‍ഡ് നിരയിലുമുണ്ട്. സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന അഞ്ച് ന്യൂസിലന്‍ഡ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

രചിന്‍ രവീന്ദ്ര: ഈ ലോകകപ്പിന്‍റെ താരങ്ങളിലൊരാളാണ് രചിന്‍ രവീന്ദ്ര എന്ന 23കാരന്‍. ഒമ്പത് കളികളില്‍ 565 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാമതുള്ള രചിന്‍ രവീന്ദ്ര മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ വെടിക്കെട്ട് തുടര്‍ന്നാല്‍ പിടിച്ചുകെട്ടുത ഇന്ത്യക്ക് ബുദ്ധിമുട്ടാവും. മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും നേടിയ രചിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയപ്പോഴും അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു.

ഡാരില്‍ മിച്ചല്‍: ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ് മധ്യനിരയെ താങ്ങിനിര്‍ത്തിയത് ഡാരില്‍ മിച്ചലിന്‍റെ ബാറ്റിംഗ് മികവാണ്. ഇന്ത്യക്കെതിരായ സെഞ്ചുറി അടക്കം ഒമ്പത് മത്സരങ്ങളില്‍ 418 റണ്‍സടിച്ച മിച്ചല്‍ ആണ് ടോം ലാഥമിന്‍റെയും ഗ്ലെന്‍ ഫിലിപ്സിന്‍റെയും ബാറ്റിംഗ് പരാജയങ്ങളെ ഒരു പരിധിവരെ മറച്ചുപിടിച്ചത്.

കെയ്ന്‍ വില്യംസണ്‍: നായകന്‍ കെയ്ന്‍ വില്യംസണാണ് മുംബൈയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനിടയുള്ള മറ്റൊരു കിവീസ് താരം. നോക്കൗട്ട് മത്സരങ്ങളില്‍ എക്കാലത്തും തന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെ വില്യംസണ്‍ പുറത്തെടുക്കാറുണ്ടെന്നതാണ് ചരിത്രം. ഇത്തവണയും വില്യംസണ്‍ പതിവ് തെറ്റിക്കാതിരുന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

മിച്ചല്‍ സാന്‍റ്‌നര്‍:  ഈ ലോകകപ്പില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ന്യൂസിലന്‍ഡിന്‍റെ മിന്നും താരമാണ് മിച്ചല്‍ സാന്‍റ്നര്‍. സ്പിന്‍ പിച്ചുകളില്‍ എതിരാളികളെ പൂട്ടിയിടാനും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും കഴിവുള്ള സാന്‍റ്നര്‍ ഫീല്‍ഡിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്റര്‍ കൂടിയാണ് സാന്‍റ്നര്‍ എന്നതും കാണാതാരിക്കാനാവില്ല.

ട്രെന്‍റ് ബോള്‍ട്ട്: കഴിഞ്ഞ ലോകകപ്പ് സെമിയില്‍ തുടക്കത്തില്‍ ബോള്‍ട്ട് ഏല്‍പ്പിച്ച പ്രഹരം ഇന്ത്യ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. ഈ ലോകകപ്പിലും കിവീസ് പേസ് നിരയെ നയിക്കുന്നത് 9 കളികളില്‍ 13 വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് തന്നെയാണ്. ശ്രീലങ്കക്കെതിരായ അവസാന മത്സരത്തില്‍ പവര്‍ പ്ലേയില്‍ ശ്രീലങ്കയുടെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ബോള്‍ട്ട് മികച്ച ഫോമിലുമാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ഇന്ത്യക്കുള്ള ബലഹീനത ബോള്‍ട്ട് മുതലെടുത്താല്‍ മുംബൈയില്‍ ഇന്ത്യ പാടുപടെുമെന്നുറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക