വനിത പ്രീമിയർ ലീഗില്‍ മൂന്ന് സീസണുകള്‍. 2024ല്‍ കിരീടം. 2023ലും 25ലും പ്ലേ ഓഫ് കാണാതെ പുറത്ത്. ഇക്കുറി സ്‌മൃതി മന്ദാന നയിക്കുന്ന സംഘത്തെ കാത്തിരിക്കുന്നത് ചെറുതല്ലാത്ത പരീക്ഷണങ്ങള്‍
പ്രവചനാതീതമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വനിത പ്രീമിയർ ലീഗില്‍ മൂന്ന് സീസണുകള്‍. 2024ല്‍ കിരീടം. 2023ലും 25ലും പ്ലേ ഓഫ് കാണാതെ പുറത്ത്. ഇക്കുറി സ്‌മൃതി മന്ദാന നയിക്കുന്ന സംഘത്തെ കാത്തിരിക്കുന്നത് ചെറുതല്ലാത്ത പരീക്ഷണങ്ങള്‍. അതിന്റെ പ്രധാന കാരണം, ഓസീസ് സൂപ്പര്‍ താരം എലീസ് പെറിയുടെ അഭാവമാണ്. കിരീടം തിരിച്ച് ചിന്നസ്വാമിയില്‍ എത്തിക്കാൻ ബെംഗളൂരുവിന് സാധിക്കുമോ, എത്രത്തോളം ശക്തരാണ് സ്‌മൃതി മന്ദാനയുടെ ടീം.
25 മത്സരങ്ങളില്‍ നിന്ന് 972 റണ്‍സ്. എട്ട് അര്‍ദ്ധ സെഞ്ചുറികള്‍. ശരാശരി അറുപത്തിനാലും സ്ട്രൈക്ക് റേറ്റ് 135 ന് അടുത്തും. ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലെ റണ്‍സ് സ്കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പന്തുകൊണ്ട് 20 ഇന്നിങ്സുകളില്‍ നിന്ന് 14 വിക്കറ്റുകള്‍. ബെംഗളൂരു കിരീടം ചൂടിയ വര്‍ഷം 347 റണ്‍സും ഏഴ് വിക്കറ്റുകളും. എലീസ് പെറിയുടെ കണക്കുകളാണ് സൂചിപ്പിച്ചത്. ബാറ്റിങ് നിരയിലും ബൗളിങ്ങിലും ഒരുപോലെ സ്റ്റബിലിറ്റി കൊണ്ടുവരുന്ന താരം.
വ്യക്തിപരമായ കാരണങ്ങളാല്‍ 2026 സീസണിന് പെറിയുണ്ടാകില്ല, ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളില്ലാതെ ബെംഗളൂരുവിന്റെ കിരീടസ്വപ്നം എങ്ങനെ സാധ്യമാകുമെന്നതാണ് ചോദ്യം. ബെംഗളൂരുവിന്റെ മുൻനിര പരാജയപ്പെട്ട സാഹചര്യത്തിലെല്ലാം പെറിയുടെ ബാറ്റ് രക്ഷകയുടെ കുപ്പായം അണിഞ്ഞിരുന്നു. സ്‌മൃതിയുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും പെറിയെന്ന പേരായിരുന്നു. അത് ബാറ്റുകൊണ്ടാണെങ്കിലും പന്തുകൊണ്ടാണെങ്കിലും.
എന്നാല്‍, പെറിയുടെ റോള്‍ കൃത്യമായി വഹിക്കാൻ കഴിയുന്ന ഒരു താരം ഇക്കുറി ബെംഗളൂരുവിന്റെ ലൈനപ്പിലുണ്ട്. ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്ക്. ആത്മവിശ്വാസം വാനോളം ഉയർത്താൻ പോന്നൊരു ലോകകപ്പിന് ശേഷമാണ് നദീൻ എത്തുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 131 സ്ട്രൈക്ക് റേറ്റില്‍ 208 റണ്‍സായിരുന്നു താരം സ്കോര്‍ ചെയ്തത്. ഒൻപത് വിക്കറ്റുകളും പിഴുതെടുത്തു വലം കയ്യൻ മീഡിയം പേസര്‍. ഡബ്ല്യുപിഎല്ലില്‍ ഇത് ആവര്‍ത്തിക്കാനായാല്‍ ബെംഗളൂരുവിന്റെ ഒരു ദുര്‍ബലത ഇല്ലാതെയാകും.
എങ്കിലും ബാറ്റിങ് നിരയിലെ ചെറിയ വിള്ളലുകള്‍ മറയ്ക്കാനാകില്ല. പരിചയസമ്പന്നയായ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സ്‌മൃതിക്കപ്പുറം ബെംഗളൂരുവിനില്ല. 22 വയസുകാരിയായ ഓസീസ് താരം ജോര്‍ജിയ വോളായിരിക്കും സ്‌മൃതിയുടെ ഓപ്പണിങ് പങ്കാളി. അന്താരാഷ്ട്ര ടി20യില്‍ 140 സ്ട്രൈക്ക് റേറ്റിന് മുകളില്‍ ബാറ്റ് ചെയ്യുന്ന താരം. ഇരുവര്‍ക്കും ശേഷം ഗ്രേസ് ഹാരീസ് ആണ് ബാറ്റിങ് നിരയുടെ നെടുംതൂണാകാൻ കെല്‍പ്പുള്ളത്. ഡബ്ല്യുപിഎല്ലില്‍ 581 റണ്‍സും 13 വിക്കറ്റുകളും ഗ്രേസ് നേടിയിട്ടുണ്ട്.
മുൻനിരയിലെ പോരായ്‌മകളെ അനായാസം മറികടക്കാൻ കെല്‍പ്പുള്ളവരാണ് ഫിനിഷര്‍മാര്‍. റിച്ചാ ഘോഷും നദീനും. ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടിയവരുടെ പട്ടികയില്‍ റിച്ചയായിരുന്നു ഒന്നാമത്, പിന്നില്‍ നദീനും. സമാന സ്ട്രൈക്ക് റേറ്റിലുമാണ് ഇരുവരും ബാറ്റ് ചെയ്യുന്നതും. പക്ഷേ, ബൗളിങ് നിരയിലേക്ക് എത്തിയാല്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച സംഘത്തെയാണ് ലേലത്തിലൂടെ ബെംഗളൂരു ഒരുക്കിയിരിക്കുന്നത്.
പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാര്‍ക്കര്‍, ലോറൻ ബെല്‍. ഒപ്പം നദീനുമുണ്ടാകും. സ്പിൻ നിരയില്‍ രാധാ യാദവും പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ശ്രയങ്ക പാട്ടീലും, ഗ്രേസ് ഹാരീസ് എന്ന ഓഫ് സ്പിന്നറുടെ സേവനവും സ്‌മൃതിക്കുണ്ടാകും. രാധയും ശ്രയങ്കയും മികച്ച ഫീല്‍ഡര്‍മാരുകൂടിയാണ്, അത് ഇന്നര്‍ സര്‍ക്കിളില്‍ ആണെങ്കിലും ഔട്ടറിലാണെങ്കിലും. ബാറ്റിങ് നിരയിലെ പോരായ്മകളെ മറികടക്കുന്നതിനെ ആശ്രയിച്ചായിരിക്കും ബെംഗളൂരുവിന്റെ സാധ്യതകള്‍. പെറിയുടെ അഭാവത്തില്‍ സ്‌മൃതിയുടെ ക്യാപ്റ്റൻസിയും ഇവിടെ നിര്‍ണായകമാകും.


