83 Teaser : കപിലിന്‍റെ അത്ഭുത ക്യാച്ചിന്റെ ഓര്‍മകളുണര്‍ത്തി 83 ടീസര്‍
എന്നാല്‍ തുടക്കത്തിലെ ഗ്രീനിജിനെയും ഹെയ്ന്‍സിനെയും പുറത്താക്കി സന്ധുവും മദന്‍ലാലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പക്ഷെ വിവിയന്‍ റിച്ചാര്‍ഡ്സ് 28 പന്തില്‍ 33 റണ്‍സോടെ ഇന്ത്യയ്ക്ക് മുന്നില്‍ മഹാമേരുപോലെ നിലയുറപ്പിച്ചു.

മുംബൈ: 1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 83ന്‍റെ ടീസര്‍ പുറത്തിറങ്ങി. രൺവീർ സിംഗാണ്(Ranveer Singh) ചിത്രത്തിൽ അന്നത്തെ ഇന്ത്യൻ നായകൻ കപിൽ ദേവായി(Kapil Dev) വേഷമിടുന്നത്. കബീർ ഖാൻ(Kabir Khan) സംവിധാനംചെയ്യുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.
ഹിന്ദി, മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലാണ് ചിത്രമെത്തുക. ഈ മാസം 30നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങുക. തുടര്‍ച്ചയായി രണ്ട് ലോകകപ്പ് നേടി ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ലോര്‍ഡ്സിലിറങ്ങി വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സ് മാത്രമായിരുന്നു എടുത്തത്. ഗ്രീനിജും ഡെസ്മണ്ട് ഹെയ്ന്‍സും വിവിയന്‍ റിച്ചാര്‍ഡ്സുമെല്ലാം അടങ്ങിയ വിന്‍ഡീസ് ബാറ്റിംഗ് നിരക്ക് അത് താരതമ്യേന ചെറിയ ലക്ഷ്യമായിരുന്നു.
എന്നാല്‍ തുടക്കത്തിലെ ഗ്രീനിജിനെയും ഹെയ്ന്‍സിനെയും പുറത്താക്കി സന്ധുവും മദന്‍ലാലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പക്ഷെ വിവിയന്‍ റിച്ചാര്‍ഡ്സ് 28 പന്തില്‍ 33 റണ്‍സോടെ ഇന്ത്യയ്ക്ക് മുന്നില്‍ മഹാമേരുപോലെ നിലയുറപ്പിച്ചു. എന്നാല്‍ മദന്‍ലാലിന്‍റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്സിന്‍റെ ഷോട്ട് മിഡ്‌വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി. അപ്പോള്‍ ആ ഭാഗത്തൊരു ഫീല്‍ഡര്‍ ഇല്ലായിരുന്നു.
ആ പന്ത് ക്യാപ്റ്റന്‍ കപില്‍ ദേവ് 18 മീറ്റര്‍ പുറകിലേക്ക് ഓടി കൈയിലൊതുക്കിയത് ഇന്നും ആരാധകര്‍ക്ക് ശ്വാസമടക്കിപ്പിടിച്ചിരുന്നെ കാണാനാവു. കപിലിന്‍റെ ഈ അത്ഭുത ക്യാച്ച് അതുപോലെ ആവര്‍ത്തിക്കുന്നതാണ് 83ന്‍റെ ടീസര്‍.
റിച്ചാര്‍ഡ്സിന്‍റെ പുറത്താകലായിരുന്നു മല്‍സരത്തിലെ വഴിത്തിരിവ്. റിച്ചാര്‍ഡ്സ് മടങ്ങിയതോടെ മൂന്നുവിക്കറ്റ് വീതമെടുത്ത മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്ന് വിന്‍ഡീസ് ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടു. ഒടുവില്‍ മൈക്കല്‍ ഹോള്‍ഡിങ്ങിനെ അമര്‍നാഥ് വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറിയായി. ലോര്‍ഡ്സില്‍ കപ്പുയര്‍ത്തിയ കപില്‍ ക്രിക്കറ്റിൽ പോരാട്ടവീര്യത്തിന്റെയും മനക്കരുത്തിന്റെയും ഇന്ത്യന്‍ പ്രതീകമായി.
ടീസര്‍ കാണാം-