ഒരു പ്രമുഖ ഇന്ത്യൻ താരം തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടതായി കരുൺ നായർ. വിദേശ ടി20 ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരത്തിന്‍റെ നിര്‍ദേശം.

ലണ്ടൻ: ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാനുള്ള തയാറെടുപ്പിലാണ്. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലാവാൻ മികച്ച ഫോമിലുള്ള കരുണിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 20ന് ലീഡ്സില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കരുണിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യൻ ടീമിലെ രണ്ടാം വരവിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കരുണ്‍.

രണ്ട് വര്‍ഷം മുമ്പ് ഒരു പ്രമുഖ ഇന്ത്യൻ താരം തന്നോട് വിരമിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കരുണ്‍ പറയുന്നത്. ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രമുഖ താരം തന്നോട് പറഞ്ഞുവെന്നാണ് കരുണ്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ഞാനിപ്പോഴും ഓര്‍ക്കുന്നു, ഒരു പ്രമുഖ ഇന്ത്യൻ താരം എന്നെ വിളിച്ച് പറഞ്ഞു, നീ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിദേശ ലീഗുകളില്‍ കളിക്കണമെന്ന്, അതുവഴി ഭാവി സുരക്ഷിതമാക്കണമെന്നും. അങ്ങനെ ചെയ്യുക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ പണത്തെക്കാള്‍ ഉപരി ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അത്രയെളുുപ്പം ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അന്ന് ഞാനത് ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ എന്‍റെ തിരിച്ചുവരവ് സാധ്യമാകില്ലായിരുന്നു. ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും എന്‍റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

തിരിച്ചുവരവുകള്‍ അത്ര അനായസമല്ല, ഞങ്ങളുടെ ആദ്യ പരിശീലന സെഷനില്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്, നീ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയതും വിട്ടുകൊടുക്കാതിരുന്ന നിന്‍റെ സമീപനവും ടീമിനാകെ പ്രചോദനമാണെന്നായിരുന്നു-കരുണ്‍ പറഞ്ഞു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ കരുണ്‍ തിളങ്ങുകയും ചെയ്തു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഫൈനലില്‍ കേരളത്തിനെതിരെ ഉള്‍പ്പെടെ നാലു സെഞ്ചുറി അടക്കം 863 റണ്‍സാണ് കരുണ്‍ അടിച്ചു കൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് ഇന്നിംഗ്സില്‍ 779 റണ്‍സും കരുണ്‍ നേടിയിരുന്നു.