ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന പേസർ ഹർഷിത് റാണയോട് ഇന്ത്യൻ സീനിയർ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരാൻ ആവശ്യപ്പെട്ടു.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന പേസര്‍ ഹര്‍ഷിത് റാണയോട് ഇന്ത്യൻ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരാന്‍ ആവശ്യപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി. കോച്ച് ഗൗതം ഗംഭീറിന്‍റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഹര്‍ഷിത് റാണ ഹര്‍ഷിത് റാണ ഇന്ത്യൻ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുന്നത് എന്നാണ് സൂചന.
ഇന്ത്യ എ ടീമിന്‍റെ ഭാഗമായിരുന്ന താരങ്ങളെല്ലാം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയും ഇന്‍ട്രാ സ്ക്വാഡ് മാച്ചും പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടതെന്ന് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിലെ പല താരങ്ങള്‍ക്കും കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഹര്‍ഷിത് കൗണ്ടിയില്‍ കളിക്കാനല്ല ഇംഗ്ലണ്ടില്‍ തുടരുന്നത്.
ഹര്‍ഷിതിനെ ഇന്ത്യൻ ടീമിന്‍റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇംഗ്ലണ്ട് ലയണസിനെതിരായ പരമ്പരയില്‍ ഇന്ത്യ എക്കായി ഒരു മത്സരത്തില്‍ മാത്രം കളിച്ച ഹര്‍ഷിത് റാണക്ക് 99 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞിരുന്നുള്ളു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 16 റണ്‍സും നേടി. ഇന്‍ട്രാ സ്ക്വാഡ് മത്സരം അടച്ചിട്ട ഗ്രൗണ്ടിലാണ് നടന്നത് എന്നതിനാല്‍ ഇതില്‍ ഹര്‍ഷിത് റാണ കളിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.
2024ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയതോടെയാണ് ഹര്‍ഷിത് റാണ ഇന്ത്യൻ ടീമിലെത്തിയത്. കൊല്‍ക്കത്തയുടെ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത് റാണക്ക് ടീമിലേക്കുള്ള വഴി അനായാസമാക്കി. ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറിയ റാണ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് നേടിയിരുന്നു. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാനാവാഞ്ഞതോടെ റാണയെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


