ബൗളർമാരെ ഉപയോഗിച്ചതിലെ തന്ത്രപരമായ പിഴവുകളാണ്, പ്രത്യേകിച്ച് പ്രസിദ്ധ് കൃഷ്ണയെ വൈകി പന്തേൽപ്പിച്ചതും മുഹമ്മദ് സിറാജിന്റെ ഓവർ പൂർത്തിയാക്കാത്തതും, ചോപ്ര പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനോടേറ്റ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. മാര്‍ച്ച് 31-ന് മുള്ളന്‍പൂരിലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗില്ലിന്റെ തന്ത്രപരമായ തീരുമാനങ്ങളില്‍ വലിയ പിഴവുകള്‍ സംഭവിച്ചതായി അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ബൗളിംഗിനായി വൈകി പരീക്ഷിച്ചതാണ് ചോപ്രയെ ചൊടിപ്പിച്ചത്.

കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിനെതിരെ 13ാം ഓവറില്‍ മാത്രമാണ് പ്രസിദ്ധിനെ പന്തേല്‍പ്പിക്കാന്‍ ഗില്‍ തയ്യാറായത്. അതിനെ കുറിച്ച് ചോപ്ര പറയുന്നതിങ്ങനെ... ''ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് എന്ത് പറ്റി? ടീമില്‍ പ്രസിദ്ധ് കൃഷ്ണ ഉണ്ടായിട്ടും നിങ്ങള്‍ പന്തെറിയിച്ചില്ല. 12 ഓവര്‍ കഴിഞ്ഞപ്പോഴേക്കും എതിര്‍ ടീം ജയം ഉറപ്പിച്ചിരുന്നു. പിന്നീട് പ്രസിദ്ധ് വന്ന് മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി കളി ആവേശകരമാക്കിയിട്ട് എന്ത് കാര്യം.'' ചോപ്ര ചോദിച്ചു. ടീം കോമ്പിനേഷനെ കുറിച്ചും ചോപ്ര ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രസിദ്ധിനെ നേരിട്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇംപാക്ട് പ്ലെയര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നുവെങ്കില്‍ കുമാര്‍ കുശാഗ്രയെ ഇറക്കേണ്ടി വരുമായിരുന്നുവെന്നും, അങ്ങനെയെങ്കില്‍ പ്രസിദ്ധിനെ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തില്‍ പ്രസിദ്ധ് തന്റെ ആദ്യ പന്തില്‍ തന്നെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയിരുന്നു. പിന്നീട് ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇതോടെ പഞ്ചാബ് 110/2 എന്ന നിലയില്‍ നിന്നും 118/6 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.

സിറാജിന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കിയില്ല

മുഹമ്മദ് സിറാജിന് രണ്ട് ഓവര്‍ കൂടി ബാക്കിയുണ്ടായിട്ടും അദ്ദേഹത്തിന് മുഴുവന്‍ ഓവറുകള്‍ നല്‍കാത്തതിനെയും ചോപ്ര വിമര്‍ശിച്ചു. യുവതാരം അശോക് ശര്‍മയില്‍ വിശ്വാസമര്‍പ്പിക്കുന്നത് നല്ലതാണെങ്കിലും സിറാജിനെപ്പോലെ ഒരു പരിചയസമ്പന്നനായ ബോളറെ പന്തേല്‍പ്പിക്കാതിരുന്നത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

YouTube video player