എഡിൻബർഗിൽ നടക്കുന്ന ഐസിസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 12 പൂർണ്ണ അംഗരാജ്യങ്ങളും ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

ലണ്ടൻ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന പരിഷ്കാരങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ഒരുങ്ങുന്നതായി റിപ്പോർട്ട്. ടി20 ക്രിക്കറ്റിന്റെ അതിവേഗ വളർച്ചയ്ക്ക് മുന്നിൽ ഏകദിന മത്സരങ്ങളുടെ ജനപ്രീതിയും നിലനിൽപ്പും കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 50 ഓവർ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുക, ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിലെ പ്രമുഖ ഫ്രാഞ്ചൈസികൾക്കായി പുതിയ ആഗോള ടി20 ടൂർണന്‍റ് ആരംഭിക്കുക തുടങ്ങിയ നിർണായക നിർദ്ദേശങ്ങളാണ് ഐസിസിയുടെ പരിഗണനയിലുള്ളതെന്ന് 'ദി ഗാർഡിയൻ' റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഡിൻബർഗിൽ നടക്കുന്ന ഐസിസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 12 പൂർണ്ണ അംഗരാജ്യങ്ങളും ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാക്കാൻ ഐസിസി ചുമതലപ്പെടുത്തിയ 'മക്കിൻസി' എന്ന പ്രമുഖ അമേരിക്കൻ കൺസൾട്ടിങ് ഏജൻസി സമർപ്പിച്ച 'സ്ട്രാറ്റജിക് റിവ്യൂ' റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. ഏകദിന മത്സരൾ കൂടുതൽ ആവേശകരമാക്കാൻ ഓവറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഐസിസിയുടെ സജീവ പരിഗണനയിലാണ്. മുൻപ് 60 ഓവറായിരുന്ന ഏകദിന മത്സരങ്ങൾ പിന്നീട് 50 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇത് വീണ്ടും കുറക്കാനാണ് ഐസിസി ആലോചിക്കുന്നത്. 50 ഓവർ ലോകകപ്പ് നടക്കാൻ പോകുന്നതിന് മുൻപുള്ള 18 മാസങ്ങളിൽ മാത്രമായി ഏകദിന ക്രിക്കറ്റിനെ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. അതായത്, അല്ലാത്ത സമയങ്ങളിൽ ടി20, ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന.

മുൻപ് നടന്നിരുന്ന 'ചാമ്പ്യൻസ് ലീഗ് ടി20' മാതൃകയിൽ ലോകത്തിലെ പ്രമുഖ ഫ്രാഞ്ചൈസി ടീമുകളെ (ഉദാഹരണത്തിന് ഐപിഎല്ലിലെയും ബിബിഎല്ലിലെയും മുൻനിര ടീമുകൾ) ഉൾപ്പെടുത്തി പുതിയൊരു ആഗോള ടൂർണമെന്‍റ് ആരംഭിക്കാനും ഐസിസി ആലോചിക്കുന്നുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ റീജിയണൽ ടൂർണമെന്‍റുകൾ(ഏഷ്യാ കപ്പ് മാതൃകയില്‍) സംഘടിപ്പിക്കാനും ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകൾക്കുമായി കലണ്ടറിൽ പ്രത്യേക സമയക്രമം നിശ്ചയിക്കാനും ഐസിസി തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടി20 മത്സരങ്ങളുടെ വരവോടെ സാധാരണ ദ്വിരാഷ്ട്ര ഏകദിന പരമ്പരകള്‍ കാണാൻ ആളുകൾ കുറയുന്നു എന്ന ആശങ്ക ക്രിക്കറ്റ് ബോർഡുകൾക്കുണ്ട്. ഇതിനെക്കുറിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അടുത്തിടെ നടത്തിയ പ്രതികരണവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്രിക്കറ്റ് കൂടുതൽ ആഗോളവത്കരിക്കപ്പെടാനും ഒളിമ്പിക്സിന്‍റെ ഭാഗമാകാനും കളി എത്രത്തോളം ചെറുതാകുന്നുവോ അത്രത്തോളം നല്ലതാണ്. ടി20 ക്രിക്കറ്റ് ഇവിടെത്തന്നെയുണ്ടാകും, എന്നാൽ ഏകദിന ക്രിക്കറ്റിന്‍റെ ഭാവി അത്ര ഉറപ്പുള്ളതല്ല എന്നായിരുന്നു അശ്വിന്‍റെ വാക്കുകൾ.

ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം കൂട്ടാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കൂടുതൽ വിപുലീകരിക്കാനും ഐസിസിക്ക് പദ്ധതിയുണ്ട്. 2027-2029 സീസൺ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ടീമുകളുടെ എണ്ണം 12 ആയി ഉയർത്തിയേക്കും. നിലവിലുള്ള 9 മുൻനിര ടീമുകൾക്ക് പുറമെ അയർലൻഡ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെക്കൂടി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാക്കാനാണ് ആലോചന. നിലവിലെ എഫ്‌ടിപി ഷെഡ്യൂൾ പ്രകാരം വരും വർഷങ്ങളിലെ കലണ്ടർ നിശ്ചയിച്ചു കഴിഞ്ഞതിനാൽ, ഈ വൻ മാറ്റങ്ങളിൽ ഭൂരിഭാഗവും 2031-ന് ശേഷമുള്ള അടുത്ത സൈക്കിളിലായിരിക്കും ക്രിക്കറ്റിൽ പൂർണ്ണമായി നടപ്പിലാകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക