മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെടുക കൂടി ചെയ്തതോടെ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനം കടുക്കുകയാണ്.

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം സ‍ഞ്ജയ് മഞ്ജരേക്കര്‍. ഈ വർഷം നടന്ന ടി20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിനെ ടീമിൽ നിന്നും മാറ്റിയതാണ് ഇപ്പോൾ കടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വെറും മൂന്ന് മത്സരങ്ങളിൽ കുറഞ്ഞ സ്കോറിന് പുറത്തായി എന്ന ഒറ്റക്കാരണം ചൂണ്ടിക്കാണിച്ചാണ് സഞ്ജുവിനെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നിന്നും തഴഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഞ്ജുവിന് പകരം 15-കാരനായ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവൻശി ഇന്ത്യൻ ജേഴ്‌സിയിൽ ചരിത്ര അരങ്ങേറ്റം കുറിച്ചെങ്കിലും, ലോകകപ്പ് ഹീറോയുമായ സഞ്ജുവിനെ ഒഴിവാക്കിയതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. സഞ്ജുവിന് വല്ല പരിക്കും പറ്റിയതായിരിക്കണേ എന്ന് പ്രത്യാശിക്കാനേ കഴിയൂ എന്നായിരുന്നു മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. വൈഭവ് ഇന്ത്യൻ ജേഴ്‌സിയിൽ എത്തിയത് കാണുന്നതിൽ സന്തോഷമുണ്ട്. എന്നാൽ സഞ്ജുവിന്‍റെ കാര്യമോ?, അവനെ ഒഴിവാക്കിയെന്നോ? നിങ്ങൾ തമാശ പറയുകയാണോ, അല്ല, പരിക്കേറ്റതായിരിക്കുമെന്ന് ഞാൻ കരുതുന്നു. നമുക്ക് അങ്ങനെ പ്രത്യാശിക്കാം. അതല്ലെങ്കിൽ ഇത് ഏറ്റവും വിചിത്രമായ സെലക്ഷൻ ആണ്. വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ സഞ്ജുവിനെ വളരെ എളുപ്പത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യിക്കാമായിരുന്നുവെന്നും മഞ്ജരേക്കർ കുറിച്ചു.

Scroll to load tweet…

മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെടുക കൂടി ചെയ്തതോടെ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനം കടുക്കുകയാണ്. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും ടീം സെലക്ഷനിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഉയർത്തിയ 190 റൺസ് ലക്ഷ്യം ഇംഗ്ലണ്ട് ഒരു ഓവർ ബാക്കിനിൽക്കെ മറികടന്നിരുന്നു. സഞ്ജു പുറത്തായതോടെ ഇന്ത്യൻ ബാറ്റിങ് നിരയിൽ ഇടംകൈയ്യൻമാരുടെ അതിപ്രസരമുണ്ടായതായി പത്താൻ നിരീക്ഷിക്കുന്നു. വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ പൂർണ്ണമായും ഇടംകൈയ്യൻമാരുടേതായി മാറി. ഇത് എതിർ ടീമിലെ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കും. മുൻപ് ലോകകപ്പ് വേളയിലും സമാനമായ പ്രതിസന്ധി വന്നപ്പോൾ സഞ്ജുവിനെ ഇറക്കിയാണ് ടീം ഈ സന്തുലിതാവസ്ഥ തിരിച്ചുപിടിച്ചത്. ഇടംകൈയ്യന്മാരുടെ ഈ കൂട്ടത്തിന് പരിഹാരമായി ഐപിഎല്ലിൽ ആർസിബിക്കായി 192 സ്ട്രൈക്ക് റേറ്റിൽ 501 റൺസ് അടിച്ചുകൂട്ടിയ വലങ്കൈയ്യൻ ബാറ്റർ രജത് പാട്ടീദാറിനെ ടി20 ടീമിലേക്ക് പരിഗണിക്കണമെന്ന് പത്താൻ ആവശ്യപ്പെട്ടു.

Scroll to load tweet…

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 1-0 ന് മുന്നിലാണ്. ഇതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീം മാനേജ്‌മെന്‍റിനും മേൽ സമ്മർദ്ദം ഏറുകയാണ്. ട്രെന്‍റ് ബ്രിഡ്ജിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ വൈഭവിനെപ്പോലെയുള്ള യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനൊപ്പം സഞ്ജുവിനെപ്പോലെയുള്ള പരിചയസമ്പന്നരായ മാച്ച് വിന്നർമാരെ എങ്ങനെ ടീമിൽ നിലനിർത്തും എന്ന കടുത്ത പരീക്ഷണമാണ് സെലക്ടർമാർക്ക് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക