ഒരൊറ്റ മത്സരം പോരാ സഞ്ജുവിന്‍റെ പ്രതിഭ അളക്കാന്‍ എന്ന് ചോപ്ര വാദിക്കുന്നു

മുംബൈ: കാത്തുകാത്തിരുന്നാണ് ഒരു അവസരം ലഭിക്കുന്നത്. അപ്പോള്‍ അത് മുതലാക്കാനും കഴിയുന്നില്ല. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ കാലങ്ങളായി നേരിടുന്ന വിമര്‍ശനമാണിത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജുവിനെ കളിപ്പിക്കാതിരുന്നപ്പോള്‍ എല്ലാവരും വിമര്‍ശിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ താരം കുഞ്ഞന്‍ സ്കോറില്‍ പുറത്തായി. എങ്കിലും മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ വേണം എന്ന് വാദിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഒരൊറ്റ മത്സരം പോരാ സഞ്ജുവിന്‍റെ പ്രതിഭ അളക്കാന്‍ എന്ന് ചോപ്ര വാദിക്കുന്നു.

'താരങ്ങളെ പരീക്ഷിക്കുന്നതാണ് രീതി എങ്കില്‍ മൂന്നാം ഏകദിനത്തിന് ഞാന്‍ സമാന ഇലവന്‍ തന്നെ പ്രതീക്ഷിക്കുന്നു. രണ്ടാം ഏകദിനത്തിലെ അതേ ബാറ്റിംഗ് ക്രമവും വേണം. സഞ്ജു സാംസണെ മൂന്നാമതും അക്‌‌സര്‍ പട്ടേലിനെ നാലാമതും ഇറക്കിയ ഒറ്റ ഇന്നിംഗ്‌സ് പോരാ അവരെ അളക്കാന്‍. സൂര്യകുമാര്‍ യാദവ് ആറാം നമ്പറിലും ബാറ്റ് ചെയ്യണം' എന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു. 

നായകന്‍ രോഹിത് ശര്‍മ്മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പുറത്തിരുന്നപ്പോള്‍ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലുമായിരുന്നു ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മയ്‌ക്ക് പകരം ഓപ്പണറായ ഇഷാന്‍ കിഷന്‍(55 പന്തില്‍ 55) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി. ഗില്‍ 49 പന്തില്‍ 34 റണ്‍സെടുത്തു. ഇതിന് ശേഷം മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്ത് എത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ 9 റണ്‍സേ നേടിയുള്ളൂ. നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും(8 പന്തില്‍ 1), പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(14 പന്തില്‍ 7) പരാജയമായി.

ആറാമന്‍ സൂര്യകുമാര്‍ യാദവ് 25 ബോളില്‍ 24 റണ്‍സിനും രവീന്ദ്ര ജഡേജ 21 പന്തില്‍ 10ലും ഷര്‍ദുല്‍ താക്കൂര്‍ 22 ബോളില്‍ 16ലും പുറത്തായി. കുല്‍ദീപ് യാദവ് 22 പന്തില്‍ 8* പുറത്താവാതെ നിന്നപ്പോള്‍ ഉമ്രാന്‍ മാലിക്(0), മുകേഷ് കുമാര്‍(6) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.

Read more: ഓപ്പണര്‍മാര്‍ അടിപൂരം, ആഷസില്‍ പ്രത്യാക്രമണവുമായി ഓസീസ്; രസംകൊല്ലിയായി മഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം