ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ടീമിനാവശ്യമുണ്ടായിരുന്നതെന്നും 15 അംഗ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ചിലരെങ്കിലും പുറത്തുപോവേണ്ടിവരുമെന്നും അജിത് അഗാര്‍ക്കര്‍.

മുംബൈ: ഫോം ഔട്ടായതുകൊണ്ട് മാത്രമല്ല വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിർഭാഗ്യവശാല്‍ ഗില്‍ പുറത്താവുകയായിരുന്നു. ഗില്‍ മികവുറ്റ കളിക്കാരനാണ് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോള്‍ റണ്‍സടിക്കുന്നതില്‍ അല്‍പം പുറകിലാണ്. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് കളിക്കാനാവാതിരുന്നത് നിര്‍ഭാഗ്യകരമായിരുന്നു. പക്ഷെ ലോകകപ്പിന് മുമ്പ് വ്യത്യസ്ത കോംബിനേഷന്‍ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഗില്ലിന് ടോപ് ഓര്‍ഡറില്‍ വീണ്ടും അവസരം നല്‍കിയത്. ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുക്കേണ്ടിവന്നതിനാലാണ് ഇപ്പോള്‍ ഗില്ലിന് ടീമിലെ സ്ഥാനം നഷ്ടമായത്.

ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ടീമിനാവശ്യമുണ്ടായിരുന്നതെന്നും 15 അംഗ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ചിലരെങ്കിലും പുറത്തുപോവേണ്ടിവരുമെന്നും അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റിയ യോഗത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന് പകരം അക്സര്‍ പട്ടേലിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കിയതിനെയും അഗാര്‍ക്കര്‍ ന്യായീകരിച്ചു. ഗില്ലിന് മുമ്പ് അക്സര്‍ വൈസ് ക്യാപ്റ്റനായിരുന്നുവെന്നും ഗില്‍ ടീമിലില്ലാത്ത സാഹചര്യത്തില്‍ അക്സറിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കുക എന്നത് സ്വാഭാവികമാണെന്നും അഗാര്‍ക്കര്‍ പറ‍ഞ്ഞു.

View post on Instagram

ഫോം ഔട്ടായതുകൊണ്ടല്ല ഗില്ലിനെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ആവര്‍ത്തിച്ചു. ടീം കോംബിനേഷനാണ് ഗില്ലിന്‍റെ പുറത്താകലിന് പ്രധാന കാരണമായത്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന് കഴിയുന്ന ഒരു കീപ്പറെയായിരുന്നു ടീമിന് ആവശ്യം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ജയിച്ചശേഷം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിന്‍റെ ഭാഗമായിരുന്നു ഗില്‍. ടീമില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു കീപ്പറും ലോവര്‍ ഓര്‍ഡറില്‍ വാഷിംഗ്ടൺ സുന്ദറിനെയും റിങ്കു സിംഗിനെയും പോലെയൊരു ബാറ്ററെയുമായിരുന്നു ടീമിന് ആവശ്യം. ഗില്ലിന്‍റെ ഫോമിനെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

View post on Instagram

2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക