ബാറ്റിംഗ് ആഴത്തിനായി ബൗളിംഗ് നിരയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ചോപ്ര പറഞ്ഞത്.

ദില്ലി: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ താരം ആകാശ് ചോപ്ര. ജൂണ്‍ 20 ന് ഹെഡിംഗ്ലിയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. ബിസിസിഐ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഗില്ലിനും ഈ പരമ്പര വിജയം അനിവാര്യമാണ്. ടീമിലെ സീനിയര്‍ കെ എല്‍ രാഹുലാണ്. രോഹിത് - കോലി സഖ്യമില്ലാതെ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് സമ്മര്‍ദ്ദമുണ്ടാവുമെന്ന് ഗില്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെയാണ് ഗില്ലിന് നിര്‍ദേശവുമായി ചോപ്ര രംഗത്തെത്തിയത്. പ്ലേയിങ് ഇലവനില്‍ ബാറ്റിംഗ് ആഴം കൂട്ടാന്‍ വേണ്ടി ബൗളിംഗ് ഡിപ്പാട്ട്‌മെന്റില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പ്ലേയിംഗ് ഇലവനില്‍ പാളിച്ച സംഭവിച്ചതുകൊണ്ടാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലും അതിന് മുമ്പ് സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോടും തോറ്റത്. ബാറ്റിങ് ആഴം കൂട്ടാന്‍ ബൗളിങ് നിരയില്‍ വിട്ടുവീഴ്ച ചെയ്തു. അത് നിരാശപ്പെടുത്തുന്ന ഫലമാണ് തന്നത്. നായകനെന്ന നിലയില്‍ തന്റെ ആദ്യ പരമ്പരയില്‍ ഗില്‍ ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം.'' ചോപ്ര പറഞ്ഞു.

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിച്ചിരുന്നു. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മുഴുവന്‍ ടെസ്റ്റിലും ഉള്‍പ്പെടുത്തണമെന്നാണ് അശ്വിന്‍ വ്യക്തമാക്കിയത്. അശ്വിന്റെ വാക്കുകള്‍... ''ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍, ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആവശ്യമാണ്. അവരാണ് മത്സരം വിജയിപ്പിക്കുക. പിച്ചില്‍ ഈര്‍പ്പമുണ്ടെങ്കില്‍ കുല്‍ദീപ് ടീമില്‍ ഉണ്ടായിരിക്കണം.'' അശ്വിന്‍ വ്യക്തമാക്കി. 2021 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍, രവീന്ദ്ര ജഡേജ മാത്രമാണ് സ്പിന്നറായി കളിച്ചത്. അതേസമയം പരിചയസമ്പത്ത് ഉണ്ടായിരുന്നിട്ടും അശ്വിനെ ഒഴിവാക്കി.

ഇത്തവണ, കൂടുതല്‍ വഴക്കമുള്ള ഒരു ടീം കോമ്പിനേഷന്‍ സാധ്യതയുമുണ്ട്. ജഡേജയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കും. നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം കുല്‍ദീപിന് ഒരു സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. ടെസ്റ്റുകളില്‍ പരിമിതമായ അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും കുല്‍ദീപ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ നിലവിലെ ബൗളിംഗ് യൂണിറ്റിനെക്കുറിച്ചും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അവരുടെ സാധ്യതകളെക്കുറിച്ചും അശ്വിന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

YouTube video player