ബൗളിംഗ് നിരയിലും ആകാശ് ചോപ്ര സര്‍പ്രൈസ് തെര‍ഞ്ഞെടുപ്പാണ് നടത്തിയത്. പേസ് ഓള്‍ റൗണ്ടറായി ദീപക് ചാഹറിനെയോ ഷാര്‍ദ്ദുല്‍ താക്കൂറിനെയോ ഉള്‍പ്പെടുത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

ദില്ലി: അടുത്തമാസം ഇംഗ്ലണ്ടിനെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മക്ക് പകരം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ നായകനാകുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ വിരാട് കോലിയുടെ നാലാം നമ്പര്‍ സ്ഥാനവും ആകാശ് ചോപ്ര ഗില്ലിന് നല്‍കുന്നു.

ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും കെ എല്‍ രാഹുലിനെയും തെരഞ്ഞെടുത്ത ആകാശ് ചോപ്ര മൂന്നാം നമ്പറില്‍ സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലോ ആണ് കളിക്കേണ്ടതെന്നും യുട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി. നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്തുമ്പോള്‍ റിഷഭ് പന്ത് ആണ് അഞ്ചാമനായി എത്തുക. നിതീഷ് കുമാര്‍ റെഡ്ഡിയും രവീന്ദ്ര ജഡേജയുമാണ് ബാറ്റിംഗ് നിരയിലെ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളത്.

ബൗളിംഗ് നിരയിലും ആകാശ് ചോപ്ര സര്‍പ്രൈസ് തെര‍ഞ്ഞെടുപ്പാണ് നടത്തിയത്. പേസ് ഓള്‍ റൗണ്ടറായി ദീപക് ചാഹറിനെയോ ഷാര്‍ദ്ദുല്‍ താക്കൂറിനെയോ ഉള്‍പ്പെടുത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇതില്‍ ദീപക് ചാഹര്‍ ഇതുവരെ ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ പോലും കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ടീമിലെ മറ്റ് പേസര്‍മാരായി ജസപ്രീത ബുമ്രയെയും മുഹമ്മദ് സിറാജിനെയും തെരഞ്ഞെടുത്ത ആകാശ് ചോപ്ര പ്ലേയിംഗ് ഇലവനില്‍ മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്ണയെയോ മുഹമ്മദ് ഷമിയെയോ കളിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, എസ് സുദർശൻ/ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ/ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി/ പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക