ദുബായ്:  ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്ന് തവണ ഫൈനല്‍ എത്തിയിട്ടും തോല്‍ക്കാനായിരുന്നു വിധി. 2009ല്‍ ഡക്കാണ്‍ ചാര്‍ജേഴ്‌സിനോടായിരുന്നു ആദ്യ തോല്‍വി. 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റു.

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കോലിയും സംഘവും. കിരീടമല്ലാതെ മറ്റൊന്നും ക്യാപ്റ്റന്റെ ചിന്തയില്ല. എന്നാല്‍ കോലിയുടെ ടീമിന് വിലങ്ങുതടിയായി രണ്ട് കാരണങ്ങളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. 

ഒരു ഫിനിഷറുടെ അഭാവമാണ് ആര്‍സിബിയെ അലട്ടുന്ന പ്രധാന പ്രശ്‌നമെന്നാണ് ചോപ്ര പറയുന്നത്. ''കോലിയോ ഡിവില്ലിയേഴ്‌സോ അവസാനം വരെ ക്രീസില്‍ നിന്നാല്‍ മാത്രമേ ബാംഗ്ലൂരിന് മികച്ച സ്്‌കോര്‍ ഉയര്‍ത്താനോ അല്ലെങ്കില്‍ മത്സരം ജയിപ്പിക്കാനോ കഴിയൂ. ഡെത്ത് ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്ക് താരങ്ങളിലില്ല. മൊയീന്‍ അലി, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുള്ളത് അവര്‍ക്ക് മുന്‍ സീസണേക്കാള്‍ ആശ്വാസം നല്‍കും.'' ചോപ്ര പരഞ്ഞു.

ഡത്ത് ബൗളിങ് അത്ര മികച്ചതല്ലെന്നുള്ളതാണ് മറ്റൊരു കാരണമായി ചോപ്ര ചൂണ്ടികാണിക്കുന്നത്. ''ഉമേഷ് യാദവ്, നവ്ദീപ് സൈനി, ക്രിസ് മോറിസ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബിക്കൊപ്പമുള്ളത്. എന്നാല്‍ ഇവരാരും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സൈനിയും സിറാജും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പന്തെറിയില്ല.'' മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.