ലോകകപ്പ് മുന്‍നിര്‍ത്തി മധ്യ ഓവറുകള്‍ ക്രമീകരിക്കാന്‍ ഭാവിയില്‍ കുല്‍ദീപിന് തിരിച്ചുവരവിന് അവസരമൊരുങ്ങിയേക്കും എന്ന് ചോപ്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ (Team India) ഒരു ഫോര്‍മാറ്റിലും നിലവില്‍ സ്ഥിര താരമല്ലാത്ത സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ (Kuldeep Yadav) കുറിച്ച് ശ്രദ്ധേയ പ്രവചനവുമായി മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). നിലവില്‍ കുല്‍ദീപിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്താന്‍ സാധ്യതകളില്ലെന്നും എന്നാല്‍ ലോകകപ്പ് മുന്‍നിര്‍ത്തി മധ്യ ഓവറുകള്‍ ക്രമീകരിക്കാന്‍ ഭാവിയില്‍ കുല്‍ദീപിന് തിരിച്ചുവരവിന് അവസരമൊരുങ്ങിയേക്കും എന്നുമാണ് ചോപ്രയുടെ വാക്കുകള്‍. 

'സത്യന്ധമായി പറഞ്ഞാല്‍ സാധ്യതകളില്ല. കാര്യങ്ങള്‍ കുല്‍ദീപിന് അനുകൂലമല്ല എന്നാണ് വ്യക്തമാകുന്നത്. ടീം ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍-കുല്‍ദീപ് യാദവ് സഖ്യം മികച്ച പ്രകടനം പുറത്തെടുത്ത കാലമുണ്ടായിരുന്നു. ഒരുസമയത്ത് അവര്‍ ഒന്നിച്ച് 25 മത്സരങ്ങള്‍ കളിക്കുകയും 100 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌തു. ഒരു മത്സരത്തില്‍ ശരാശരി നാല് വിക്കറ്റുകള്‍ ഇരുവരും പങ്കിട്ടു. പിന്നീട് എല്ലാം മാറിമറിഞ്ഞു. 2019 ഏകദിന ലോകകപ്പിലെ ബര്‍മിംഗ്‌ഹാം മത്സരം ഞാനോര്‍ക്കുന്നു. അതിന് ശേഷം ഇരുവരും ഒന്നിച്ച് കളിച്ചിട്ടില്ല. ഒരാള്‍ കളിക്കുമ്പോള്‍ രണ്ടാമന്‍ പുറത്തിരിക്കും. അല്ലെങ്കില്‍ രണ്ടുപേരും പുറത്ത്. നിലവില്‍ ഒരാള്‍ ടീമിന് പുറത്തായി. രവിചന്ദ്ര അശ്വിനും വാഷിംഗ്‌ടണ്‍ സുന്ദറും കളിക്കുന്നു. രവീന്ദ്ര ജഡേജയും ടീമിലില്ല. അപ്പോഴും കുല്‍ദീപ് ചിത്രത്തിലില്ല'. 

കുല്‍ദീപിന് ഭാവിയില്‍ സാധ്യത

'ഒരുപക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തും. അദേഹത്തെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തും. കാരണം മധ്യ ഓവറുകളില്‍ നമുക്ക് വിക്കറ്റുകള്‍ വേണം. നിലവില്‍ മധ്യ ഓവറുകളില്‍ അധികം വിക്കറ്റ് ഇന്ത്യ വീഴ്‌ത്തുന്നില്ല' എന്നും ചോപ്ര പറഞ്ഞു. 

2020 മുതല്‍ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ 41.06 ആണ് ടീം ഇന്ത്യയുടെ ശരാശരി. ടി20യില്‍ 26.26 ശരാശരിയും. അതേസമയം ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ കുല്‍ദീപിന്‍റെ ശരാശരി 30 ഉം ഇക്കോണമി 5.08 ഉം ടി20യില്‍ ശരാശരി 12.7 ഉം ഇക്കോണമി 6.48 ഉം ആണ്. അശ്വിന്‍-ജഡേജ സഖ്യത്തിന് പകരമെത്തിയ റിസ്റ്റ് സ്‌പിന്നര്‍മാരായ ചാഹല്‍-കുല്‍ദീപ് കൂട്ടുകെട്ട് പ്രതീക്ഷ കാത്തെങ്കിലും വൈകാതെ ടീമില്‍ നിന്ന് പതുക്കെ അപ്രത്യക്ഷമാവുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ചാഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

South Africa vs India : വാണ്ടറേഴ്‌സിൽ വണ്ടറാവാന്‍ കോലി; കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്