തിരുവനന്തപുരത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലാണ് കോലി 86-ാം സെഞ്ചുറി (ഏകദിനത്തിലെ 55-ാമത് സെഞ്ചുറി) പൂർത്തിയാക്കിയത്.
ഗുവാഹത്തി: മുൻ ഇന്ത്യൻ നായകൻ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്ര സെഞ്ചുറികള്‍ നേടുമെന്നതിനെക്കുറിച്ച് വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി കോലി 86 സെഞ്ചുറികളിലെത്തിയതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. കോലി തന്‍റെ കരിയർ അവസാനിപ്പിക്കുമ്പോൾ 98 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. സച്ചിൻ ടെൻഡുൽക്കറുടെ 100 സെഞ്ചുറികൾ എന്ന റെക്കോർഡിന് തൊട്ടടുത്ത് (രണ്ട് സെഞ്ചുറി അകലെ) മാത്രമായിരിക്കും കോലി കരിയർ അവസാനിപ്പിക്കുകയെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 86 സെഞ്ചുറികളോടെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാമതാണ് കോലി. തിരുവനന്തപുരത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലാണ് കോലി 86-ാം സെഞ്ചുറി (ഏകദിനത്തിലെ 55-ാമത് സെഞ്ചുറി) പൂർത്തിയാക്കിയത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് ഇതിനോടകം വിരമിച്ച 37-കാരനായ കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. അടുത്ത വർഷം (2027) ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ കോലി കളി തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, 100 സെഞ്ചുറികൾ തികയ്ക്കുക എന്നത് കോലിയുടെ ലക്ഷ്യമാണെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. സച്ചിൻ ടെൻഡുൽക്കറെ മാതൃകയാക്കി വളർന്ന കോലിക്ക് ആ റെക്കോർഡ് മറികടക്കാൻ ആഗ്രഹമുണ്ടാകുമെന്നും അതിനായി സ്വയം സമ്മർദ്ദത്തിലാക്കി മികച്ച പ്രകടനം പുറത്തെടുക്കാൻ കോലിക്ക് കഴിയുമെന്നും രഹാനെ കൂട്ടിച്ചേർത്തു. ഈ വർഷം കളിച്ച എട്ട് ഏകദിനങ്ങളിൽ നിന്ന് 79 ശരാശരിയിലും 118.20 സ്ട്രൈക്ക് റേറ്റിലും റൺസ് അടിച്ചുകൂട്ടിയ കോലി മികച്ച ഫോമിലാണ്.
അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റിൽ അതിവേഗം റൺസ് കണ്ടെത്തുമെന്നും ആകാശ് ചോപ്ര പറഞ്ഞു. നാളെ ന്യൂ ചണ്ഡീഗഢിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോലി തന്‍റെ 87-ാം സെഞ്ചുറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
