ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ഒരു ബാറ്ററെ അഞ്ചാമതോ ആറാമതോ ഇറക്കിയാല്‍ അയാള്‍ പാടുപെടും. ഓപ്പണറായി കളിക്കുന്ന ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിച്ചു നോക്കു. ഇപ്പോള്‍ പുറത്തെടുക്കുന്നതിന്‍റെ പകുതി പ്രകടനമെ പുറത്തെടുക്കു.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാതിരുന്നതിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണ് വിമര്‍ശനങ്ങളാണെങ്ങും. ലഭിച്ച അവസരം സഞ്ജുവിന് മുതലാക്കാനായില്ലെന്നാണ് പ്രധാന വിമര്‍ശനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയിരുന്നെങ്കില്‍ സ‍ഞ്ജുവിന് ഏഷ്യാ കപ്പ് ലോകകപ്പ് ടീമുകളിലെത്താനുള്ള സാധ്യത സജീവമാക്കാമായിരുന്നു. എന്നാല്‍ അഞ്ച് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും സ‍ഞ്ജുവിന് തിളങ്ങാനായില്ല.

ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനാവാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു സാംസണിന്‍റെ കരിയറും രോഹിത് ശര്‍മയുടെ കരിയറും ഏകദേശം ഒരുപോലെയാണ് തുടങ്ങിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിന് ടോപ് ഓര്‍ഡറില്‍ ഓപ്പണറാക്കിയപ്പോഴാണ് ഇന്ന് കാണുന്ന രോഹിത്തിനെ നമുക്ക് കിട്ടിയത്. അതുപോലെ സഞ്ജുവിനും മൂന്നാം നമ്പറിലോ ഓപ്പണറായോ അവസരം നല്‍കിയാല്‍ മാത്രമെ അവന്‍റെ പ്രതിഭയോട് നിതീ പുലര്‍ത്താനാവു.

ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ഒരു ബാറ്ററെ അഞ്ചാമതോ ആറാമതോ ഇറക്കിയാല്‍ അയാള്‍ പാടുപെടും. ഓപ്പണറായി കളിക്കുന്ന ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിച്ചു നോക്കു. ഇപ്പോള്‍ പുറത്തെടുക്കുന്നതിന്‍റെ പകുതി പ്രകടനമെ പുറത്തെടുക്കു. യശസ്വി ജയ്സ്വാളിനും ഇഷാന്‍ കിഷനും ഓപ്പണറായും തിലക് വര്‍മക്ക് നാലാം നമ്പറിലും അവസരം നല്‍കി അവര്‍ക്ക് മികച്ച പ്രകടനത്തിനുള്ള അവസരം നല്‍കുമ്പോള്‍ സഞ്ജുവിനെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് നീതീകരിക്കാനാവില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറ‍ഞ്ഞു.

സ്റ്റാര്‍ പേസര്‍ക്ക് പരിക്ക്; ഏഷ്യാ കപ്പിന് മുമ്പ് പാക്കിസ്ഥാന് കനത്ത തിരിച്ചടി

സഞ‌്ജുവിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയാല്‍ മാത്രമെ അവന്‍റെ ഏറ്റവും മികച്ച പ്രകടനം നമുക്ക് കാണാനാകു. അത് ഏത് ഫോര്‍മാറ്റിലായാലും അവന്‍റെ പ്രതിഭയോട് നീതി പുലര്‍ത്തണമെങ്കില്‍ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കണം. രോഹിത് കരിയര്‍ തുടങ്ങിയപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. പ്രതിഭയുള്ളതിനാല്‍ മധ്യനിരയില്‍ തിളങ്ങാതിരുന്നിട്ടും രോഹിത്തിനെ ടീം നിലനിര്‍ത്തി. പിന്നീട് ടോപ് ഓര്‍ഡറില്‍ അവസരം നല്‍കി പ്രതിഭ തെളിയിക്കാനുള്ള അവസരമൊരുക്കി.

പ്രതിഭയുള്ളവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ മികച്ച പ്രകടനവുമായി തിരിച്ചുവരാന്‍ കഴിയുമെന്നും ആകാശ് ചോപ്ര പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ‍ഞ്ജുവിന് ടോപ് ഓര്‍ഡറില്‍ അവസരം കിട്ടുക ബുദ്ധിമുട്ടാണെങ്കിലും അധികം വൈകാതെ അതിന് അവസരമൊരുങ്ങുമെന്നും ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക