ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ 10 വിക്കറ്റ് വീഴ്ത്തിയ നസീം ഷാ മികച്ച ഫോമിലാണ്.  ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ നസീം ഷാക്ക് കഴിഞ്ഞിരുന്നു.

കറാച്ചി: ഏഷ്യാ കപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പാക്കിസ്ഥാന്‍ ടീമിന് തിരിച്ചടിയായി സ്റ്റാര്‍ പേസറുടെ പരിക്ക്. പാക്കിസ്ഥാന്‍റെ യുവ പേസര്‍ നസീം ഷാക്ക് ആണ് ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ തോളിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടന്ന ഗോള്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊളംബോ സ്ട്രൈക്കേഴ്സിനായി നസീം ഷാ കളിച്ചിരുന്നില്ല. തോളിനേറ്റ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് വ്യക്തമായിട്ടില്ല.

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ 10 വിക്കറ്റ് വീഴ്ത്തിയ നസീം ഷാ മികച്ച ഫോമിലാണ്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ നസീം ഷാക്ക് കഴിഞ്ഞിരുന്നു. ഈ മാസം അവസാനം ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി തുടങ്ങുന്ന ഏഷ്യാ കപ്പിലും ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും പാക്കിസ്ഥാന്‍റെ ബൗളിംഗ് പ്രതീക്ഷകളിലൊരാളാണ് 20കാരനായ നസീം ഷാ.

ഇതുവരെ കളിച്ച എട്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷാ വീഴ്ത്തിയത്. നസീം ഷായുടെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, ഷായുടെ പരിക്കിനെതുടര്‍ന്നുള്ള സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും വൈകാതെ താരത്തിന് തിരിച്ചെത്താനാകുമെന്നും പാക് നായകന്‍ ബാബര്‍ അസം പ്രതീക്ഷ പ്രകടിപ്പിച്ചു. ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും അടങ്ങുന്ന പേസ് നിരയിലെ ഒഴിവാക്കാനാവാത്ത താരമാണ് നസീം ഷാ.

ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കാനാവില്ല, പകരം താരത്തെ നിര്‍ദേശിച്ച് ഓസീസ് താരം; അത് സഞ്ജുവോ സൂര്യയോ അല്ല

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് പാക്കിസ്ഥാന്‍റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഈ മാസം 30ന് മുള്‍ട്ടാനില്‍ നേപ്പാളിനെതിരെ ആണ് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. അടുത്ത മാസം രണ്ടിന് ശ്രീലങ്കയിലെ പല്ലേക്കേലെയിലാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക