ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്സ് വിജയിച്ചെങ്കിലും, നായകന്‍ ശ്രേയസ് അയ്യറുടെ ക്യാപ്റ്റന്‍സിക്കെതിരെ മുന്‍ താരം ആകാശ് ചോപ്ര വിമര്‍ശനമുന്നയിച്ചു.
മുംബൈ: ഐപിഎല്‍ 2026ല്‍ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്സ് വിജയിച്ചെങ്കിലും, നായകന്‍ ശ്രേയസ് അയ്യറുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. ടീമിലെ പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചഹാലിനെ കൃത്യമായി ഉപയോഗിച്ചില്ല എന്നതാണ് ചോപ്ര ഉന്നയിക്കുന്ന പ്രധാന ആരോപണം. മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ചഹാല്‍ മൂന്ന് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ചഹാലിന് നാലാം ഓവര്‍ നല്‍കാന്‍ ശ്രേയസ് അയ്യര്‍ തയ്യാറായില്ല. പകരം 18-ാം ഓവറില്‍ ചഹാലിനെ പിന്‍വലിച്ച് ഇംപാക്ട് പ്ലെയറായി പ്രിയാന്‍ഷ് ആര്യയെ കളത്തിലിറക്കി.
കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള ശിവം ദുബെ ക്രീസില്‍ ഉണ്ടായിരുന്നതിനാലാവാം ചഹാലിനെ മാറ്റാന്‍ ശ്രേയസ് തീരുമാനിച്ചത്. എന്നാല്‍ ഇതിനെ ആകാശ് ചോപ്ര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ചോദ്യം ചെയ്തു. ''ഒരു ബൗണ്ടറി പോലും വഴങ്ങാത്ത ഏക ബൗളര്‍ക്ക് എങ്ങനെയാണ് തന്റെ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നത്? അതും ടീമിലെ ഏക സ്പിന്നര്‍ക്ക്? ശിവം ദുബെ അവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷേ ഗുവാഹത്തിയില്‍ രവീന്ദ്ര ജഡേജ ദുബെയെ പുറത്താക്കിയിട്ടില്ലേ? അതുകൊണ്ടുതന്നെ ചാഹലിന് അവസാന ഓവര്‍ കൊടുക്കാമായിരുന്നു.'' ചോപ്ര കുറിച്ചു.
വിജയക്കുതിപ്പില്‍ പഞ്ചാബ് കിംഗ്‌സ്
വിമര്‍ശനങ്ങള്‍ക്കിടയിലും സിഎസ്‌കെയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയ പഞ്ചാബ് കിങ്സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. 200-ന് മുകളിലുള്ള റണ്‍മല ഒമ്പതാം തവണയും വിജയകരമായി മറികടന്ന് ഐപിഎല്ലിലെ റണ്‍ ചേസ് മാസ്റ്റേഴ്‌സ് തങ്ങളാണെന്ന് പഞ്ചാബ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 9 പന്തില്‍ 33 റണ്‍സെടുത്ത് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍, 26 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ശ്രേയസ് അയ്യറുടെ പ്രതികരണം
മത്സരശേഷം തന്റെ ടീമിന്റെ പ്രകടനത്തെ ശ്രേയസ് പ്രശംസിച്ചു. ''മത്സരത്തിന് മുന്‍പ് ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയാന്‍ഷും പ്രഭ്സിമ്രാനും നല്‍കിയ തുടക്കം അസാധാരണമായിരുന്നു. പുറത്തുള്ളവരെ ഇംപ്രസ്സ് ചെയ്യുന്നതിനേക്കാള്‍ ടീമിനുള്ളില്‍ പരസ്പരം വിശ്വസിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ഓരോ താരത്തിനും വ്യക്തമായ ധാരണയുണ്ട്.'' ശ്രേയസ് പറഞ്ഞു.

