Asianet News MalayalamAsianet News Malayalam

പുതിയ ഐപിഎല്‍ ടീമുകള്‍ എവിടെ നിന്നായിരിക്കണം; നഗരങ്ങളുടെ പേര് വെളിപ്പെടുത്തി ആകാശ് ചോപ്ര

അഹമ്മദാബാദില്‍ നിന്ന് ഒരു ടീമെത്തുമെന്ന് ഏറെകുറെ ഉറപ്പായതാണ്. രണ്ടാമത്തെ ടീമില്‍ തിരുവനന്തപുരം, ഗുവാഹത്തി, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Aakash Chopra talking on new teams for upcoming IPL Season
Author
New Delhi, First Published May 25, 2021, 12:00 AM IST

ദില്ലി: ഐപിഎല്ലിന്റെ വരും സീസണില്‍ രണ്ട് ടീമുകള്‍ കൂടി പുതുതായി വരുമെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എവിടെ നിന്നുള്ള ടീമുകളാണെന്നുള്ളതില്‍ ധാരണയൊന്നും ആയിരുന്നില്ല. എന്തായാലും അഹമ്മദാബാദില്‍ നിന്ന് ഒരു ടീമെത്തുമെന്ന് ഏറെകുറെ ഉറപ്പായതാണ്. രണ്ടാമത്തെ ടീമില്‍ തിരുവനന്തപുരം, ഗുവാഹത്തി, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഐപിഎല്ലിലെ രണ്ട് ടീമുകള്‍ ഏതായിരിക്കണമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.

രാജ്യത്തിന്റെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള ടീമുകളായിരിക്കണം ഇനി ഐപിഎല്‍എല്ലിന് വരേണ്ടതെന്നാണ് ചോപ്രയുടെ പക്ഷം. അതിന് അദ്ദേഹം നികത്തുന്ന കാരണങ്ങളുമുണ്ട്. അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ.. ''തെക്ക്- വടക്ക് ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ഐപിഎല്‍ ടീമുകളുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ദക്ഷിണേന്ത്യന്‍ ടീമുകളാണ്. വടക്ക് ഡല്‍ഹി കാപിറ്റല്‍സ്, കിംഗ്‌സ പഞ്ചാബ് എന്നീ ടീമുകളുണ്ട്. ഇനിയൊരു ടീം വരേണ്ടത് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ്. അഹമ്മദാബാദ് കേന്ദ്രമാക്കി ഒരു ടീം വരണമെന്നാണ് ആഗ്രഹം. നാഗ്പൂര്‍, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നും ടീമിനെ ഒരുക്കാം. 

മറ്റൊരു ടീം കിഴക്കന്‍ മേഖലയെ പ്രതിനിധീകരിക്കട്ടെ. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളത്. അതുകൊണ്ടുതന്നെ റാഞ്ചി, കട്ടക്ക്, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ഒരു ടീം വന്നാല്‍ നന്നായിരിക്കും. റാഞ്ചി ഒരുപാട് സൗകര്യങ്ങളുള്ള നഗരമാണ്. റാഞ്ചിയില്‍ നിന്ന് ഒരു ടീം വന്നാല്‍ അത് നന്നായിരിക്കും.'' ചോപ്ര പറഞ്ഞു.

മധ്യമേഖലയില്‍ നിന്നും പുതിയ ടീമിനെ പരിഗണിക്കാമെന്നും ചോപ്ര പറയുന്നുണ്ട്. ലഖ്‌നൗ, ഇന്‍ഡോര്‍ എന്നീ നഗരങ്ങളെ പരിഗണിക്കണമെന്നാണ് ചോപ്രയുടെ പക്ഷം. ചോപ്ര കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios