മുംബൈ: ദക്ഷിണാഫ്രിക്കയെ നയിക്കാന്‍  ക്രിക്കറ്റ് ബോര്‍ഡ് തന്നെ വീണ്ടും ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മുന്‍ താരം എ ബി ഡിവില്ലിയേഴ്സ്. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ഈ കെട്ടകാലത്ത് എന്താണ് വിശ്വസിക്കേണ്ടത് എന്ന് മനസിലാവുന്നില്ല. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ-ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു.

ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് ഒരുപാട് ദിവങ്ങളായിരുന്നു. ടി20 ലോകകപ്പില്‍ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കക്കായി കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിരുന്നില്ല.

ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ വീണ്ടും തയ്യാറാണോ എന്ന് ക്രിക്കറ്റ് ബോര്‍ഡ് തന്നോട് ഒരിക്കല്‍ ചോദിച്ചിരുന്നതായി ഡിവില്ലിയേഴ്‌സിനെ ഉദ്ധരിച്ച് സ്റ്റാര്‍ സ്പോര്‍ട്സ് ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ എന്റെ പ്രകടനം കൊണ്ട് ഞാന്‍ ടീമിലേക്ക് മടങ്ങിവരാന്‍ പ്രാപ്തനാണോ എന്ന് പരിശോധിച്ച ശേഷം തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുയുള്ളുവെന്ന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയെന്നും സ്റ്റാര്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Alos Read: നശിപ്പിച്ചു കളയും അവന്‍, എതിരാളികളുടെ പേടിസ്വപ്നമായ ബാറ്റ്സ്മാനെക്കുറിച്ച് ബെന്‍ സ്റ്റോക്സ്

നേരത്തെ, ടി20 ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂണ്‍ ഒന്നിന് മുമ്പ് സെലക്ഷന് തയാറാവണമെന്ന് ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവരെ ബൗച്ചര്‍ അറിയിച്ചിരുന്നു. 2018 മെയിലാണ് 36 കാരനായ ഡിവില്ലേയഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി20യിലും ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബോര്‍ഡ് ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്താന്‍ തയാറായില്ല. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്.