ലണ്ടന്‍: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണെന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റുവും അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് ബട്‌ലര്‍ എന്നു പറഞ്ഞ സ്റ്റോക്സ് എതിരാളികളുടെ എല്ലാ പദ്ധതികളെയും നശിപ്പിച്ചു കളയാന്‍തക്ക പ്രതിഭയുള്ള താരമാണ് ബട്‌ലറെന്നും സ്റ്റോക്സ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റായ ഇഷ് സോധിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റോക്സ്.

360 ഡിഗ്രിയില്‍ ബാറ്റ് ചെയ്യാനറിയുന്ന ബട്‌ലര്‍ക്ക് ഏകദിന ലോകകപ്പ് ഫൈനലില്‍ കളിച്ചതുപോലുള്ള ഇന്നിംഗ്സുകളും വഴങ്ങും. ഇത്രയും പ്രതിഭയുളള ഒരു ബാറ്റ്സ്മാന്‍ എതിര്‍ ടീം നായകനും ബൗളര്‍മാര്‍ക്കുമെല്ലാം പേടിസ്വപ്നമായില്ലെങ്കിലെ അത്ഭുതമുള്ളു-സ്റ്റോക്സ് പറഞ്ഞു. ജോസ് ബട്‌ലര്‍ കായികക്ഷമത നിലനിര്‍ത്താനായി മറ്റുള്ളവരെക്കാള്‍ ദിവസവും 45 മിനിറ്റ് അധികം ചെലവഴിക്കുന്നത് ഞാന്‍ കാണാറുണ്ട്. അതുകണ്ടശേഷമാണ് ബട്‌ലര്‍ക്ക് ആവാമെങ്കില്‍ എനിക്ക് അതിനെക്കാള്‍ ആയിക്കൂടെ എന്ന ചന്ത ഉദിച്ചത്.

Alos Read: അങ്ങനെയൊരു ചിന്ത വെറുതെയാണ്; ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ട് ടീമിന്റെ കായികക്ഷമത ഉയര്‍ത്തുന്നതില്‍ കളിക്കാരുടെ ഈ മനോഭാവം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു. കായികക്ഷമതയുടെ പേരില്‍ ഇംഗ്ലണ്ട് ടീമില്‍ ആരും പിന്തള്ളപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. മോയിന്‍ അലിയും ആദില്‍ റഷീദുമെല്ലാം ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തിയപ്പോള്‍ മറ്റുള്ളവരുടെ പരിശീലനം കണ്ട് പേടിച്ചിട്ടുണ്ട്.  എന്നാല്‍ പിന്നീട് അവരും പതുക്കെ ട്രാക്കിലായെന്നും സ്റ്റോക്സ് പറഞ്ഞു.

Alos Read:ഞാനിവിടെതന്നെ ഉണ്ടാവും, നിങ്ങള്‍ പന്തെറിയൂ; 1999ല്‍ മഗ്രാത്തിനെ നേരിട്ട അനുഭവം പങ്കുവച്ച് സച്ചിന്‍

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ ഓവറില്‍ സ്റ്റോക്സും ബട്‌ലറുമാണ് ഇംഗ്ലണ്ടിനായി ക്രീസിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് വിക്കറ്റ് പോവാതെ 15 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡും ഇതേ റണ്‍സ് നേടിയെങ്കിലും ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.