ഒരു സീസണ്‍ കൂടി കാത്തിരുന്നെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ വില്യംസണില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഗില്ലിനും അവസരം ലഭിക്കുമായിരുന്നു.

ബെംഗലൂരു: ഐപിഎല്ലില്‍ താരങ്ങളുടെ കൈമാറ്റജാലകം കഴിഞ്ഞപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയതായിരുന്നു വലിയ വാര്‍ത്ത. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഐപിഎല്ലില്‍ അപൂര്‍വമായി നടക്കുന്ന ക്യാപ്റ്റന്‍മാരുടെ കൂടുമാറ്റത്തിലൂടെ ഹാര്‍ദ്ദിക് വീണ്ടും മുംബൈ ബോയ് ആയത്. ഹാര്‍ദ്ദിക് പോയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് യുവതാരം ശുഭ്മാന്‍ ഗില്ലിനെ അടുത്ത സീസണിലേക്കുള്ള നായകനായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഹാര്‍ദ്ദിക്കിന്‍റെ പകരം ഗില്ലായിരുന്നില്ല ഗുജറാത്തിന്‍റെ നായകനാവേണ്ടിയിരുന്നതെന്ത് തുറന്നു പറയുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ഗുജറാത്ത് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ കെയ്ന്‍ വില്യംസണിന്‍റെ പേര് കണ്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോള്‍ നിരാശനായി. കാരണം ഗില്ലായിരുന്നില്ല പിരചയസമ്പന്നനായ വില്യംസണായിരുന്നു ഹാര്‍ദ്ദിക്കിന് പകരം ഗുജറാത്തിനെ നയിക്കേണ്ടിയിരുന്നത്.

'ഈ സമയം എന്തിനാണ് ഇങ്ങനെ ഒരു പരമ്പര', ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കെതിരെ മൈക്ക് ഹസി

ഗിൽ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതുവരെയെങ്കിലും വില്യംസണ്‍ ഗുജറാത്ത് നായകനാവുന്നതായിരുന്നു നല്ലത്. ഒരു പക്ഷെ ഗില്ലിനെ ക്യാപ്റ്റനാക്കിയ തീരുമാനം ഗുജറാത്തിന് ഗുണകരമാകുമായിരിക്കും. പക്ഷെ ഒരു സീസണ്‍ കൂടി കാത്തിരുന്നെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ വില്യംസണില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഗില്ലിനും അവസരം ലഭിക്കുമായിരുന്നു. ഗില്ലിനെ ക്യാപ്റ്റനാക്കിയത് തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ ഒരു വര്‍ഷത്തെ അനുഭവസമ്പത്ത് കൂടിയുണ്ടായിരുന്നെങ്കില് കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ്. അതെന്തായാലും ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പ്രകടനവും കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് യുട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറികളടക്കം 890 റണ്‍സുമായി ഗില്‍ ഐപിഎല്ലിലെ ടോപ് സ്കോററായിരുന്നു. ഗുജറാത്തിനെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിക്കുന്നതിലും ഗില്ലിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക