Asianet News MalayalamAsianet News Malayalam

360 ഡിഗ്രിയിൽ വിസ്മയം തീർത്ത എബിഡി,ലോകകപ്പ് നടക്കുമ്പോൾ എവിടെ? ഇന്ത്യൻ തെരുവിൽ മനോഹര കാഴ്ച, ഏറ്റെടുത്ത് ആരാധകർ

തെരുവിൽ ആൾക്കൂട്ടത്തിനിടയിൽ ബാറ്റ് വീശുന്നതിനിടെയാണ് താരം ക്യാമറ കണ്ണുകളിൽ അകപ്പെട്ടത്

AB de Villiers plays street cricket video goes viral in india
Author
First Published Nov 7, 2022, 8:00 PM IST

മുംബൈ: ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ ബി ഡിവില്ലേഴ്സ്. 360 ഡിഗ്രി കറങ്ങി നിന്ന് ആകാശത്ത് കൂറ്റൻ സിക്സറുകളുടെ വിസ്മയം തീർക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ എന്ന വിശേഷണമൊക്കെയുണ്ടായിരുന്ന എ ബി ഡി ഇപ്പോൾ എവിടെയാണ്. കുട്ടിക്രിക്കറ്റിന്‍റെ ലോക മാമാങ്കം സെമിപോരാട്ടത്തിലെത്തി നിൽക്കുമ്പോൾ ആരാധകരുടെ ചോദ്യത്തിനുള്ള ആ ഉത്തരം സോഷ്യൽ മീഡിയയിൽ വീഡിയോയുടെ രൂപത്തിലെത്തി. നിമിഷങ്ങൾക്കകം വീഡിയോ വൈറലായെന്ന് പ്രത്യേകിച്ച് പറയേണ്ടിവരില്ലല്ലോ. ആരാധകരുടെ അത്രമേൽ പ്രിയപ്പെട്ട എ ബി ഡി ഇപ്പോൾ ഇന്ത്യയിലെ തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പറ പറക്കുന്നത്. മുംബൈയിലെ തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന ഡിവില്ലേഴ്സിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. തെരുവിൽ ആൾക്കൂട്ടത്തിനിടയിൽ ബാറ്റ് വീശുന്നതിനിടെയാണ് താരം ക്യാമറ കണ്ണുകളിൽ അകപ്പെട്ടത്. താരത്തിന്‍റെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 360 ഡിഗ്രി മൊഞ്ചുള്ള ആ ബാറ്റിംഗ് ശൈലിക്ക് ഒരു മാറ്റവുമില്ലെന്നാണ് പലരുടെയും കമന്‍റ്. എന്തായാലും വീഡിയോ ക്രിക്കറ്റ് ലോകം മൊത്തം ഏറ്റെടുത്തിട്ടുണ്ട്.

 

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം കുറച്ചു ദിവസങ്ങളായി ഇന്ത്യയിലുണ്ട്. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ ‌സി ‌ബി) ആസ്ഥാനത്തെത്തിയ അദ്ദേഹം പിന്നീട് മുംബൈയിലേക്ക് പോയിരുന്നു. മുംബൈയിലെത്തിയ ഡിവില്ലേഴ്സ്, സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തുകയും അതിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് മുംബൈയിൽ സ്ട്രീറ്റ് ക്രിക്കറ്റ് കളിച്ച് ഡിവില്ലിയേഴ്സ് നഗരത്തിലെ കായിക പ്രേമികളെ ആവേശത്തിലാക്കിയത്.

അതേസമയം ഡിവില്ലിയേഴ്‌സ് ഐ പി എല്ലിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായാണ് താരം ആര്‍സിബിയിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. അടുത്ത മാസം മിനി താരലേല നടക്കാനിരിക്കെ എ ബി ഡിയുടെ നീക്കമെന്താണ് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. 12 സീസണുകളില്‍ ആര്‍സിബിക്കൊപ്പം കളിച്ച 38 കാരനായ എ ബി ഡിയെ ഏത് റോളിലാകും എത്തുകയെന്നത് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും നേരത്തെ ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഡിവില്ലേഴ്സിന്‍റെ റോൾ എന്താകുമെന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്.

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ? സാധ്യതകള്‍

Follow Us:
Download App:
  • android
  • ios