അഡ്‌ലെയ്‌ഡ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനൊരുങ്ങുകയാണ് എ.ബി. ഡിവില്ലിയേഴ്സ്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ബ്രിസ്ബേന്‍ ഹീറ്റ്റ്സിനായി അരങ്ങേറ്റംകുറിച്ച ഡിവില്ലിയേഴ്സ് 33 പന്തില്‍ 40 റണ്ണെടുത്ത് ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു.  

ലോക ക്രിക്കറ്റില്‍ തനിക്കൊപ്പം കളിച്ചവരിലും എതിരെ കളിച്ചവരിലും ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ആരൊക്കെയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലിയേഴ്സ് വ്യക്തമാക്കി. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തുമാണ് തന്റെ കാലഘട്ടത്തിലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാരെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

പരിമിതമായ ടെക്നിക്ക് മാത്രമെയുളളൂവെങ്കിലും സ്റ്റീവ് സ്മിത്ത് പുറത്തെടുക്കുന്ന മികവ് അസാമാന്യമാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. അടിച്ചു തകര്‍ക്കുന്ന കളിക്കാരനായിരുന്നില്ല ഗ്രെയിം സ്മിത്തെങ്കിലും ടീമിനുവേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുകയും അതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുള്ള കളിക്കാരനാണ് ഗ്രെയിം സ്മിത്തെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി. വിരാട് കോലിയും ഇതുപോലെയുള്ള കളിക്കാരനാണെന്നും ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ട് ശബ്ദിക്കുന്ന കളിക്കാരനാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.