ഐപിഎല്ലിലെ തന്റെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്.

ജൊഹാനസ്ബര്‍ഗ്: ഐപിഎല്ലിലെ ദുരനുഭവം വിവരിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്. ആർസിബിയിൽ എത്തുന്നതിന് മുൻപ് ഡൽഹി ഡെയർവിൾസ് താരമായിരുന്ന കാലത്തെ അനുഭവമാണ് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്. 2008 മുതൽ 2010 വരെ ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടി കളിച്ചു. അന്ന് നിരവധി പ്രമുഖ താരങ്ങൾ ഡൽഹി നിരയിൽ ഉണ്ടായിരുന്നു. എന്നാൽ ടീമിന് കിരീടത്തിലേക്ക് മുന്നേറാനായില്ല. ആ ടീമിൽ ദുഷിച്ച മനസുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു. അത് ആരൊക്കെയാണെന്ന് പറയാൻ താത്പര്യമില്ലെന്നും ഡിവിലിയേഴ്സ് പറഞ്ഞു. 2011ൽ ഡൽഹിയിൽ നിന്നാണ് ഡിവിലിയേഴ്സ് ആർസിബിയിൽ എത്തിയത്.

ഡിവില്ലിയേഴ്സിനൊപ്പം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, ഗ്ലെന്‍ മക്‌ഗ്രാത്ത്, ഡാനിയേല്‍ വെറ്റോറി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുണ്ടായിട്ടിട്ടും ഡല്‍ഹിക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നിരവധി ഇതിഹാസ താരങ്ങളുള്ള ടീമായിരുന്നു അത്. അവരോടൊപ്പെ കളിക്കാനായത് മധുരമുള്ള ഓര്‍മയാണ്. ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ഡാനിയേല്‍ വെറ്റോറിയെയും പോലെ ചെറുപ്പം മുതല്‍ ഞാന്‍ ആരാധിക്കുന്ന നിരവധി താരങ്ങള്‍ ആ ടീമിലുണ്ടായിരുന്നു. അവരെയൊക്കെ സമീപിക്കാന്‍ തുടക്കത്തില്‍ എനിക്ക് ഭയമായിരുന്നു.

2009ലെ സീസണ്‍ എന്നെ സംബന്ധിച്ചിടത്തോളം നല്ല സീസണായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ ഏതാണ്ട് എല്ലാമത്സരങ്ങളിലും ഞാന്‍ ഡല്‍ഹിക്കായി നന്നായി കളിച്ചു. അടുത്ത സീസണിലും ടീം എന്നെ നിലനിര്‍ത്തുമെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് പലപ്പോഴും എനിക്ക് ടീമില്‍ സ്ഥാനം കിട്ടാതായി. 2010ലെ താര ലേലത്തില്‍ എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതുപോലെ അസ്വാഭാവികമായ പലകാര്യങ്ങളും നടന്നു.2011ല്‍ ഞാന്‍ ആര്‍സിബിയിലെത്തി.

ആര്‍സിബിയിലെത്തിയപ്പോള്‍ തന്നെ സ്വന്തം വീട്ടിലെത്തിയപോലെയായിരുന്നു എനിക്ക്. എന്നെ എല്ലാ മത്സരങ്ങളിലും അവര്‍ കളിപ്പിക്കുമെന്ന് എനിക്ക് തോന്നി.നിങ്ങളാണ് ഈ ടീമിന്‍റെ പ്രധാന താരം,നിങ്ങള്‍ ഞങ്ങളുടെ മഹാനായ കളിക്കാരനായി മാറുമെന്നും ഇനി മുതല്‍ ഈ കുടുംബത്തിന്‍റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അതോടെ ഞാന്‍ ആര്‍സിബിക്കാരനായി-ഡിവില്ലിയേഴ്സ് പറഞ്ഞു. 2011 മുതല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി മാത്രം കളിച്ച ഡിവില്ലിയേഴ്സിന് കിരീട ഭാഗ്യമുണ്ടായില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ആര്‍സിബി ആദ്യമായി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ഡിവില്ലിയേഴ്സും അതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക