ആഷസ് ഹോം സീരിസിന് ശേഷം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മിച്ചല്‍ ജോണ്‍സണിനെതിരെ എബിഡി എല്ലാത്തരം ഷോട്ടുകളും കളിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടെന്നും ലിയോണ്‍ പറഞ്ഞു. 

സിഡ്‌നി: ഓസ്‌ട്രേലിയ കണ്ട മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ് നഥാന്‍ ലിയോണ്‍. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ലിയോണ്‍ എതിരാളികള്‍ക്ക് പേടിസ്വപ്‌നമായത്. എന്നാല്‍ എതിരാളികളെ കറക്കിവീഴ്‌ത്തുമ്പോഴും ലിയോണെ വട്ടംകറക്കിയ ഒരു ബാറ്റ്സ്‌മാനുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ജീനിയസ് എബിഡിയാണ് കരിയറില്‍ ലിയോണിന്‍റെ ഉറക്കംകെടുത്തിയ ബാറ്റ്സ്‌മാന്‍. 'താന്‍ പന്തെറിഞ്ഞ ഏറ്റവും ശക്തനായ ബാറ്റ്സ്‌മാന്‍ എബിഡിയാണ്. വിവിധ പര്യടനങ്ങളിലായി കുറച്ച് ഓവറുകള്‍ മാത്രമാണ് അദേഹത്തിനെതിരെ എറിയാനായത്. എന്നാല്‍ ആഷസ് ഹോം സീരിസിന് ശേഷം തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ മിച്ചല്‍ ജോണ്‍സണിനെതിരെ എബിഡി എല്ലാത്തരം ഷോട്ടുകളും കളിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടെന്നും ലിയോണ്‍ പറഞ്ഞു. 

ഗ്രൗണ്ടിന്‍റെ നാലുപാടും ഷോട്ടുകളുതിര്‍ക്കാനുള്ള കഴിവുകൊണ്ട് മിസ്‌റ്റര്‍ 360 എന്നറിയപ്പെടുന്ന എബിഡി അന്താരാഷ്ട്ര കരിയറില്‍ 114 ടെസ്റ്റുകളില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ 9577 റണ്‍സും അടിച്ചുകൂട്ടി. 47 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. എബിഡി കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ലിയോണാവട്ടെ, 86 ടെസ്റ്റില്‍ 343 വിക്കറ്റും 25 ഏകദിനങ്ങളില്‍ 26 വിക്കറ്റും നേടി.