വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിൽ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്രേഡ് ചെയ്യണമെന്ന് മുൻ താരം അഭിനവ് മുകുന്ദ്. യുവതാരങ്ങളുടെ നീണ്ട നിര സിഎസ്‌കെയിലുള്ളതിനാൽ ഉർവിലിന് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചെന്നൈ: വരാനിരിക്കുന്ന ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്രേഡ് ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വെറും 13 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമെത്താനും, സുരേഷ് റെയ്നയുടെ പേരിയിലുണ്ടായിരുന്ന സിഎസ്‌കെയുടെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് തകര്‍ക്കാനും ഉര്‍വിലിനായിരുന്നു.
എന്നാല്‍ സിഎസ്‌കെ നിരയില്‍ നിലവില്‍ യുവതാരങ്ങളുടെ നീണ്ട നിരതന്നെയുള്ളതിനാല്‍ ഉര്‍വിലിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് അഭിനവ് മുകുന്ദ് ചൂണ്ടിക്കാട്ടി. 2025 സീസണിന്റെ പകുതിയില്‍ പരിക്കേറ്റ വന്‍ഷ് ബേഡിക്ക് പകരക്കാരനായാണ് ഉര്‍വില്‍ ചെന്നൈയിലെത്തുന്നത്.
മുകുന്ദിന്റെ വാക്കുകള്‍... ''ഊര്‍വില്‍ പട്ടേലിനെപ്പോലൊരു താരത്തെ ട്രേഡ് ചെയ്യാനുള്ള അവസരം സിഎസ്‌കെയ്ക്ക് മുന്നിലുണ്ട്. ആയുഷ് മാത്രേ, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ യുവതാരങ്ങള്‍ നിലവില്‍ സിഎസ്‌കെ നിരയിലുണ്ട്. ഇവരെല്ലാം ഫിറ്റാണെങ്കില്‍ ഉര്‍വിലിന് ടീമില്‍ ഇടം ലഭിക്കില്ല. അതിനാല്‍ ഭാവി മുന്നില്‍ കണ്ട് ചെന്നൈ ഈ താരങ്ങളിലാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഉര്‍വിലിനെ ട്രേഡ് ചെയ്യുന്നതാവും ഉചിതം. മുന്‍നിരയില്‍ ആക്രമിച്ചു കളിക്കുന്ന ബാറ്ററെയും വിക്കറ്റ് കീപ്പറെയും ആവശ്യമുള്ള ടീമുകള്‍ക്ക് ഊര്‍വിലിന്റെ സേവനം വലിയ രീതിയില്‍ ഗുണം ചെയ്യും.'
യുവതാരം ആയുഷ് മാത്രേയെ സിഎസ്‌കെ യാതൊരു കാരണവശാലും ട്രേഡ് ചെയ്യരുതെന്നും അഭിനവ് മുകുന്ദ് കൂട്ടിച്ചേര്‍ത്തു. മൂന്നാം നമ്പറിലോ ഓപ്പണിംഗിലോ ഇറങ്ങി സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ സാധിക്കുന്ന മാത്രേ ചെന്നൈയുടെ അടുത്ത വലിയ കണ്ടെത്തലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഉള്ളതിനാല്‍ സര്‍ഫറാസ് ഖാനെ ബാക്കപ്പായി നിലനിര്‍ത്തി ഉര്‍വിലിനെ റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നും, അത് ഉര്‍വിലിന് ആവശ്യത്തിന് മത്സരപരിചയം ലഭിക്കാന്‍ സഹായിക്കുമെന്നും മുകുന്ദ് വ്യക്തമാക്കി.
അതേസമയം, ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷവും ഫോം തുടര്‍ന്ന് മുന്നേറുകയാണ് 28-കാരനായ ഉര്‍വില്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ താരം കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ചുറി നേടിയിരുന്നു. 227 പന്തില്‍ 17 ഫോറുകളും 6 സിക്‌സറുകളും അടക്കം 210 റണ്‍സോടെ ഊര്‍വില്‍ പുറത്താകാതെ നിന്നു.













