ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 168 റണ്‍സെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (75) വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ശിവം ദുബെയും നിരാശപ്പെടുത്തി. സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 72 റണ്‍സടിച്ചപ്പോള്‍ 19 പന്തല്‍ 46 റണ്‍സായിരുന്നു അഭിഷേകിന്‍റെ സംഭാവന. പവര്‍ പ്ലേക്ക് പിന്നാലെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 77 റണ്‍സെടുത്തശേഷമാണ് അഭിഷേക്-ഗില്‍ സഖ്യം വേര്‍ പിരിഞ്ഞത്. 19 പന്തില്‍ 29 റണ്‍സെടുത്ത ഗില്ലിനെ റിഷാദ് ഹൊസൈന്‍ ആണ് മടക്കിയത്.

View post on Instagram

പിന്നാലെ 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് നയിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ ശിവം ദുബെ 3 പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി നിരാശപ്പെടുത്തിയപ്പോള്‍ അഭിഷേകിന്‍രറെ വെടിക്കെട്ടില്‍ ഇന്ത്യ 10.1 ഓവറില്‍ 100 കടന്നു. എന്നാല്‍ പിന്നാലെ പന്ത്രണ്ടാം ഓവറില്‍ അഭിഷേക് റണ്ണൗട്ടായതോടെ ഇന്ത്യയുടെ അടിതെറ്റി. അഭിഷേകിന് പിന്നാലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ യാദവും(11 പന്തില്‍ 5) മടങ്ങി. പതിനഞ്ചാം ഓവറില്‍ തിലക് വര്‍മ(7 പന്തില്‍ 5) കൂടി മങ്ങിയതോടെ ഇന്ത്യ 129-5ലേക്ക് കൂപ്പു കുത്തി.

View post on Instagram

സഞ്ജു സാംസണ് പകരം ക്രീസിലെത്തിയ അക്സര്‍ പട്ടേലിന് കാര്യമായി ഒന്നും ചെയ്യാനാവാഞ്ഞതോടെ ആദ്യ 10 ഓവറില്‍ 100 റണ്‍സിലെത്തിയ ഇന്ത്യ 168 റണ്‍സിലൊതുങ്ങി. ഹാര്‍ദ്ദിക്കിന്‍റെ പോരാട്ടമാണ് ഇന്ത്യയെ 150 കടത്തിയത്. അവസാന രണ്ടോവറില്‍ 13 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അക്സര്‍ പട്ടേല്‍ 15 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാര്‍ദ്ദിക് 29 പന്തില്‍ 38 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക