സിഡ്‌നി: ക്രിക്കറ്റ് കമന്ററിക്കിടെ സംഭവിച്ച പിഴവിന് പരസ്യമായി മാപ്പ് ചോദിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചിരുന്നു. എന്നാല്‍ കമന്ററിക്കിടെ പേര് മാറി നവ്ദീപ് സെയ്‌നിയുടെ പിതാവാണ് മരിച്ചതെന്ന് ഗില്‍ക്രിസ്റ്റ് അബദ്ധത്തില്‍ പരാമര്‍ശിക്കുകയായിരുന്നു. 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിന മത്സരത്തിനിടെയിലെ കമന്ററിക്കിടെയാണ് ഗില്ലിക്ക് അബദ്ധം പിണഞ്ഞത്. തുടര്‍ന്ന് അബദ്ധം മനസിലായതോടെ ഗില്ലി പരസ്യമായി ഇരുവരോടും ക്ഷമ ചോദിക്കുക്കയും ചെയ്തു. ഗില്‍ക്രിസ്റ്റിന് പിണഞ്ഞ അബദ്ധം ആരാധകരില്‍ ചിലരാണ് ചൂണ്ടിക്കാട്ടിയത്. 

തെറ്റ് മനസിലാക്കിയ ഉടന്‍ ഗില്‍ക്രിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കുകയായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയ അന്‍ഷു നെയ്യാര്‍ എന്ന ആരാധകന് ഗില്‍ക്രിസ്റ്റ് നന്ദി അറിയിക്കുകയും ചെയ്തു. 

'നന്ദി അന്‍ഷു, എന്റെ പരാമര്‍ശത്തില്‍ തെറ്റ് കടന്നുകൂടിയ കാര്യം ഇപ്പോള്‍ മനസിലാക്കുന്നു. സംഭവിച്ച പിഴവിന് നവ്ദീപ് സെയ്‌നിയോടും മുഹമ്മദ് സിറാജിനോടും മാപ്പ് ചോദിക്കുന്നു. ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചു.