അഡ്‌ലെയ്ഡ്:  ഓസട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതില്‍ നിര്‍ണായകമായത് ബാറ്റിംഗ് തകര്‍ച്ച മാത്രമല്ലെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ആദ്യ ടെസ്റ്റില്‍ ഓസീസ് 111/7ലേക്ക് കൂപ്പു കുത്തിയപ്പോള്‍ ക്രീസിലെത്തിയ നായകന്‍ ടിം പെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് മായങ്ക് അഗര്‍വാള്‍ നിലത്തിട്ടതാണ് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് ഗില്‍ക്രിസ്റ്റ് മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

ആ ക്യാച്ച് മായങ്ക് കൈയിലൊതുക്കിയിരുന്നെങ്കില്‍ ഓസീസ് 111/8 ലേക്ക് വീഴുമായിരുന്നു. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഓസീസിന്‍റെ ടോപ് സ്കോററായ പെയ്ന്‍ ഓസീസിനെ 191ല്‍ എത്തിച്ചു. 100ന് മുകളിലുള്ള ലീഡ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കുമായിരുന്നുവെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ അഞ്ച് അവസരങ്ങളാണ് കൈവിട്ടത്. ലാബുഷെയ്നെ മാത്രം ഇന്ത്യ മൂന്ന് തവണ കൈവിട്ടിരുന്നു.

രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് മുമ്പില്‍ വെല്ലുവിളികളേറെയുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എങ്കിലും അത് കോലിയുടെ വ്യക്തിപരമായ തീരുമാനമാണ്. അത് മാനിച്ചേ മതിയാവു. ടീമിന് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയത്താണ് അദ്ദേഹം തിരിച്ചുപോകുന്നത്. പക്ഷെ പരമ്പരക്ക് മുമ്പെ എടുത്ത തീരുമാനമായതിനാല്‍ അതിനെ മാനിക്കേണ്ടതുണ്ടെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.