മെല്‍ബണ്‍: കരിയറില്‍ നേരിടാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗിനെയാണെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. 2001ലെ ഇന്ത്യന്‍ പര്യടനത്തില്‍ സ്റ്റീവ് വോയ്ക്ക് കീഴില്‍ തുടര്‍ച്ചയായി പതിനഞ്ച് ടെസ്റ്റ് ജയിച്ചാണ് ഞങ്ങള്‍ ഇന്ത്യയിലെത്തിയത്. മുംബൈയിലെ ആദ്യ ടെസ്റ്റ് അനായാസം ജയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം കൂടി. ഇന്ത്യയില്‍ ജയിക്കാന്‍ ഇത്ര എളുപ്പമായിട്ടും കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയില്‍ പരമ്പര നേടാനാവാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്.

എന്നാല്‍ ആ ചിന്ത തെറ്റാണെന്ന് പിന്നീട് നടന്ന ടെസ്റ്റുകള്‍ തെളിയിച്ചു. പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു. ആക്രമണമായിരുന്നു അന്ന് ഞങ്ങളുടെ മുഖമുദ്ര. എന്നാല്‍ അത് എല്ലായ്പ്പോഴും ഫലപ്രദമാവണമെന്നില്ല. പ്രത്യേകിച്ച് ഹര്‍ഭജന്‍ സിംഗിനെ പൊലൊരു ബൗളര്‍ക്കെതിരെ. പരമ്പരയിലുടനീളം ഹര്‍ഭജന്‍ ഞങ്ങളെ ശരിക്കും വിറപ്പിച്ചു. എന്റെ കരിയറില്‍ മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തിയ ബൗളറാണ് ഹര്‍ഭജന്‍ സിംഗ്.

ഹര്‍ഭജനും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണ് ഞാന്‍ കരിയറില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ രണ്ട് ബൗളര്‍മാര്‍. 2001ലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരായ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ഓസ്ട്രേലിയയുടെ സമീപനം തന്നെ മാറ്റിമറിച്ചുവെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഏത് സാഹചര്യത്തിലും ആക്രമിക്കുക എന്നത് പ്രായോഗികമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ അഹന്ത വിഴുങ്ങേണ്ടി വന്നുവെന്നതാണ് വാസ്തവം. ടീമിന്റെയാകെ മനോഭാവവും അതോടെ മാറിമറിഞ്ഞുവെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

2001ല്‍ ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഹാട്രിക്ക് ഉള്‍പ്പെടെ 32 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.