ന്യൂസിലൻഡിനോട് എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചോദിച്ചാല്‍, ഉത്തരങ്ങളില്‍ ഒന്നാമതായി തെളിയുക ബൗളിങ് നിര തന്നെയാണ്. 2027 ലോകകപ്പ് ‍മുന്നില്‍ നില്‍ക്കെ തിരുത്താൻ ഏറെയുണ്ട്

ജസ്പ്രിത് ബുമ്ര എന്നൊരൊറ്റപ്പേരില്‍ ചുരുങ്ങുന്നതാണോ ഇന്ത്യയുടെ ബൗളിങ് നിര. ബുമ്രയില്ലെങ്കില്‍ ജയം അസാധ്യമോ. ചരിത്രത്തിലാദ്യമായി ഇന്ത്യയിലൊരു ഏകദിന പരമ്പര മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ ന്യൂസിലൻഡ് നേടുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചോദിച്ചാല്‍, ഉത്തരങ്ങളില്‍ ഒന്നാമതായി തെളിയുക ബൗളിങ് നിരയിലെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ്.

മുഹമ്മദ് സിറാജ്, ഹ‍ര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ബൗളിങ് നിര. ബൗളിങ്ങിന് മേല്‍ക്കൈ ലഭിക്കുന്ന പിച്ചുകളായിരുന്നില്ല വഡോദരയിലും രാജ്കോട്ടിലും ഇൻഡോറിലും. പക്ഷേ, പരിചിതമായ സാഹചര്യങ്ങളില്‍ എന്തുകൊണ്ട് ന്യൂസിലൻഡ് ബൗളര്‍മാരുടെ അത്ര സ്വാധീനം ചെലുത്താൻ മുഹമ്മദ് സിറാജിനും സംഘത്തിനും കഴിയാതെപോയി എന്നതാണ് 2027 ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയുള്ള പ്രധാന ആശങ്ക.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മധ്യഓവറുകള്‍ നിയന്ത്രിക്കാനുള്ള ചുമതലയുള്ള ഇന്ത്യയുടെ സ്പിൻ ദ്വയം പൂര്‍ണമായും പരാജയപ്പെട്ടുവെന്നതാണ്. അല്ലെങ്കില്‍ അതിനെ മറികടക്കാൻ ന്യൂസിലൻഡ് ബാറ്റര്‍മാര്‍ക്ക് അനായാസം സാധിച്ചു. കുല്‍ദീപാണ് ഏറെക്കാലമായി ഇന്ത്യയുടെ വിക്കറ്റ് ടേക്കിങ് ബൗളര്‍. ഇടം കയ്യൻ റിസ്റ്റ് സ്പിന്നര്‍ പരമ്പരയിലെറിഞ്ഞത് 25 ഓവറുകളാണ്. 7.28 എക്കണോമിയില്‍ വഴങ്ങിയത് 182 റണ്‍സ്, നേടിയത് മൂന്ന് വിക്കറ്റ്. രണ്ടാം ഏകദിനത്തില്‍ മാത്രമാണ് കുല്‍ദീപ് തന്റെ ക്വോട്ട പൂര്‍ത്തിയാക്കിയത്. ഇൻഡോറില്‍ എറിഞ്ഞത് കേവലം ആറ് ഓവറുകള്‍.

കുല്‍ദീപിന്റെ ഇംപാക്റ്റ് കുറഞ്ഞതോ, താരത്തെ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ വ്യക്തതയില്ലാത്തതോണോ കാരണമെന്ന് അറിയില്ല. ഇതേ കുല്‍ദീപിനെ ഉപയോഗിച്ചാണ് രോഹിത് ശര്‍മ പലകുറി അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും. ഇനി രവീന്ദ്ര ജഡേജയിലേക്ക് വരാം. 23 ഓവറുകളാണ് ജഡേജ പരമ്പരയിലെറിഞ്ഞത്. വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കാനായില്ല എന്നത് ഏറ്റവും വലിയ പോരായ്മയായി നിലനില്‍ക്കുമ്പോള്‍ തന്നെ വിട്ടുനല്‍കിയ റണ്‍സും ചെറുതല്ല. 141 റണ്‍സ്, എക്കണോമി ആറിന് മുകളില്‍. രണ്ട് ഇടം കയ്യൻ സ്പിന്നര്‍മാരും കൂടി എറിഞ്ഞത് 48 ഓവറുകള്‍ 323 റണ്‍സ് വഴങ്ങി, മൂന്ന് വിക്കറ്റും.

ആദ്യ ഏകദിനത്തില്‍ മാത്രം കളിച്ച വാഷിങ്ടണ്‍ സുന്ദറും പരാജയമായിരുന്നു. അഞ്ച് ഓവറില്‍ 27 റണ്‍സ്, വിക്കറ്റ് കോളത്തില്‍ പൂജ്യം. ഇന്ത്യൻ സ്പിന്നര്‍മാര്‍ ശരാശരിക്കും താഴെയായ പരമ്പരകള്‍ സമീപകാലത്ത് വിരളമാണ്, പ്രത്യേകിച്ചും ഇന്ത്യയില്‍. ജഡേജയുടെ ഏകദിന ഭാവിയുടെ കാര്യത്തിലും ആശങ്കകളുണ്ട്, അക്സര്‍ പട്ടേലിന് മുൻഗണന നല്‍കാൻ മാനേജ്മെന്റ് തയാറായേക്കും. കാരണം, ബാറ്റുകൊണ്ടും പന്തുകൊണ്ടും ജഡേജ പരമ്പരയില്‍ പൂര്‍ണമായും കീഴടങ്ങിയിരുന്നു. ഇനി പേസ് നിരയിലേക്ക് വരാം.

വിക്കറ്റ് വേട്ടയില്‍ ക്രിസ്റ്റൻ ക്ലാര്‍ക്കിനും കെയില്‍ ജാമിസണിനും പിന്നിലാണ് ഇന്ത്യൻ പേസര്‍മാരെല്ലാം. ആറ് വിക്കറ്റെടുത്ത ഹര്‍ഷിത് റാണ എക്സ്പെൻസീവായിരുന്നെങ്കിലും ബാറ്റുകൊണ്ട് തന്റെ മൂല്യം തെളിയിച്ചു. രണ്ടാം സ്ഥാനത്ത് ഒരു മത്സരം മാത്രം കളിച്ച അര്‍ഷദീപും. എന്തുകൊണ്ട് അര്‍ഷദീപിന് അവസരം നല്‍കാൻ മാനേജ്മെന്റ് മടിച്ചുവെന്നത് ചോദ്യമാണ്. എറിഞ്ഞ നാലാമത്തെ പന്തില്‍ എടുത്ത മൂന്ന് വിക്കറ്റില്‍ ഹെൻറി നിക്കോള്‍സിന്റേയും ഗ്ലെൻ ഫിലിപ്സിന്റേയും നിര്‍ണായകമായ വിക്കറ്റുകള്‍. മികച്ച ഡെത്ത് ബൗളറുടെ അഭാവം ബുമ്രയുടെ അസാന്നിധ്യത്തിലുള്ളപ്പോഴും അര്‍ഷദീപിനെ ഉപയോഗിക്കാൻ ടീം മടിച്ചു. ഒരുപക്ഷേ, പ്രസിദ്ധിന്റെ സ്ഥാനത്ത് അര്‍ഷദീപിന് അവസരം കൊടുത്തിരുന്നെങ്കില്‍ പരമ്പരഫലം മറ്റൊന്നാകുമായിരുന്നു.

മീഡിയം പേസറായ നിതീഷിന് രണ്ട് മത്സരങ്ങളില്‍ നിന്ന് പത്ത് ഓവര്‍ കൊടുത്തെങ്കില്‍ വഴങ്ങിയത് 66 റണ്‍സാണ് വിക്കറ്റുകളും നേടിയില്ല. ഏറ്റവും പോസിറ്റിവായത് മുഹമ്മദ് സിറാജ് മാത്രമാണ്. ഇരുടീമുകളിലേയും പേസര്‍മാരെയെടുത്താല്‍ ഏറ്റവും എക്കണോമിക്കലായി പന്തെറിഞ്ഞത് സിറാജാണ്. 4.59 എക്കണോമിയില്‍ മൂന്ന് വിക്കറ്റുകള്‍. വിക്കറ്റിന്റെ അഭാവമുണ്ടെങ്കിലും, കിവികളുടെ കുതിപ്പിന് കടിഞ്ഞാണിടാൻ സിറാജിന് കഴിഞ്ഞു.

മുന്ന് ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താൻ ന്യൂസിലൻഡിനായി. ആദ്യ ഏകദിനത്തില്‍ ഹെൻറി നിക്കോള്‍സ് - ഡെവൊണ്‍ കൊണ്‍വെ കൂട്ടുകെട്ട് 117 റണ്‍സ്, രണ്ടാം മത്സരത്തില്‍ വില്‍ യങ് - ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് 162 റണ്‍സ്. ഇൻഡോറില്‍ ഡാരില്‍ മിച്ചല്‍ - ഗ്ലെൻ ഫിലിപ്‌സ് സഖ്യം 219 റണ്‍സ് വിക്കറ്റ് വരള്‍ച്ച നേരിട്ടപ്പോള്‍ അത് മറികടക്കാൻ പരിചയസമ്പന്നനായ ഒരു ബൗളറുടെ അഭാവം നിഴലിച്ചു. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര ദ്വയം. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും പന്തെറിയാൻ കഴിയുന്നവര്‍. ഇരുവരും ഇതില്‍ ഒരു വ്യത്യാസം സൃഷ്ടിക്കാൻ പോന്നവരാണെന്നതില്‍ തര്‍ക്കമില്ല.

2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമിക്ക് ഏകദിന ടീമിലേക്ക് എൻട്രി ലഭിച്ചിട്ടില്ല. ബുമ്ര അവസാനമായി ഏകദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ്. ഇരുവരുടേയും മടങ്ങിവരവ് നിര്‍ണായകമാണെന്ന് കഴിഞ്ഞ മൂന്ന് പരമ്പരകളും വ്യക്തമാക്കി തന്നിട്ടുമുണ്ട്. കണ്‍സിസ്റ്റന്റായി പവര്‍പ്ലേയിലോ മധ്യഓവറുകളിലോ ഡെത്തിലോ വിക്കറ്റെടുക്കാൻ പോന്നവരില്ല എന്ന് ചുരുക്കം. 2027 ഏകദിന ലോകകപ്പിനായി പദ്ധതികള്‍ മെനയുമ്പോള്‍ തിരിച്ചടിക്കുകയാണ് എല്ലാം. ബുമ്ര മടങ്ങിയെത്തിയെ മതിയാകൂ. സ്പിൻ നിരയുടെ മൂര്‍ച്ച കൂട്ടേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തോല്‍വികള്‍ക്ക് തുടര്‍ച്ചയുണ്ടാകും.