ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിച്ചിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്‍ ഗൗതം ഗംഭീറിന്റെ സമയം അവസാനിക്കാറായോ

ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. പക്ഷേ, എന്റെ കീഴിലാണ് ചാമ്പ്യൻസ് ട്രോഫിയും ഏഷ്യ കപ്പും നേടിയതെന്ന് നിങ്ങള്‍ മറക്കരുത് - മാസങ്ങള്‍ക്ക് മുൻപ് ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ വാചകങ്ങളാണിത്. ചോദ്യം പരിശീലകൻ എന്ന നിലയിലെ ഭാവിയെക്കുറിച്ചായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു ഇത്.

ഒരിക്കല്‍ക്കൂടി ആ ചോദ്യം ഗംഭീറിലേക്ക് എത്തുകയാണ്. പക്ഷേ, മേല്‍പ്പറഞ്ഞ ഉത്തരം കൊണ്ട് പ്രതിരോധം തീര്‍ക്കാൻ ഗംഭീറിന് കഴിയുമോയെന്ന് അറിയില്ല. കാരണം, ടെസ്റ്റ് ക്രിക്കറ്റില്‍ എന്ത് സംഭവിച്ചോ അത് ഏകദിനത്തിലും ആവര്‍ത്തിക്കുകയാണ്. ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിച്ചിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്‍ നിന്ന് ഗംഭീറിനെ താഴെയിറക്കാൻ സമയമായോ?

ഗംഭീർ അഭിമാനത്തോടെ പറഞ്ഞ ചാമ്പ്യൻസ് ട്രോഫി കിരീടം, നായകൻ രോഹിത് ശർമ. അയാളിന്ന് ഇന്ത്യയെ നയിക്കാനില്ല. പകരം ശുഭ്മാൻ ഗില്ലാണ് ആ വേഷമണിഞ്ഞിരിക്കുന്നത്. ശേഷം മൂന്ന് പരമ്പരകള്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്. ഈ മൂന്ന് സംഘങ്ങളും ഇന്ത്യക്ക് മുന്നിലേക്ക് അയച്ചത് അവരുടെ ഏറ്റവും കരുത്തുറ്റ സംഘത്തെ ആയിരുന്നില്ല. എന്നിട്ടും ഇന്ത്യക്ക് രണ്ട് പരമ്പരകള്‍ നഷ്ടമായി. ഓസ്ട്രേലിയയോടും ന്യൂസിലൻഡിനോടും. കീഴടക്കിയത് പ്രോട്ടിയാസിനെ മാത്രം. ആകെ ഒൻപത് മത്സരങ്ങള്‍, നാല് ജയം, അഞ്ച് തോല്‍വി.

രോഹിതിന്റെ നായകസ്ഥാനം മാറ്റിയതില്‍ തുടങ്ങുന്നു കാര്യങ്ങള്‍. പരീക്ഷണ പരമ്പരകളും ഓള്‍ റൗണ്ട‍ര്‍മാരിലെ അമിത വിശ്വാസവും ഉള്‍പ്പെടെ ചോദ്യങ്ങള്‍ നിരവധിയാണ് മുന്നിലുള്ളത്. ഗംഭീറിന്റെ കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് വൈറ്റ് വാഷുകള്‍ ഇതിനോടകം സംഭവിച്ചു, അതും സ്വന്തം മണ്ണില്‍. 13 മാസങ്ങളുടെ ഇടവേളയില്‍ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി നഷ്ടമായി, ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ള നേട്ടം, ചാമ്പ്യൻസ് ട്രോഫിയും. ഏഷ്യ കപ്പ് പര്‍വതീകരിക്കേണ്ട കാര്യമില്ലെന്ന് കാലവും കളിയും പറയുന്നു.

ഒടുവില്‍ 2016ന് ശേഷം ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പരയും അടിയറവ് വെച്ചു. കോഹ്ലിയും രോഹിതും ക്യാപ്റ്റന്മാരായിരുന്ന കാലത്ത് ഏകദിനത്തില്‍ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള ഒരു സംഘത്തിനും ഇന്ത്യയില്‍ ഇന്ത്യക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഏകദിനത്തില്‍ ഇതുവരെ ഗംഭീറിന്റെ കീഴില്‍ 20 മത്സരങ്ങള്‍ 12 ജയം ഏഴ് തോല്‍വി, ഒന്ന് ടൈ. വിജയശതമാനം അറുപതില്‍ എത്തി നില്‍ക്കുന്നു, ടെസ്റ്റില്‍ ഇത് നാല്‍പ്പതിനും താഴെയാണ്. ആശ്വസിക്കാൻ വകയുള്ളത് ട്വന്റി 20യില്‍ മാത്രം.

ഇനി തോല്‍വിയുടെ കാരണങ്ങളിലേക്ക്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയാണല്ലോ ഗില്ലിലേക്ക് നായകപദവി കൈമാറാൻ ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും തയാറായത്. അതും ചാമ്പ്യൻസ് ട്രോഫി നേടിത്തന്ന രോഹിതിന് മാറ്റി. എന്നാല്‍, ഗില്‍ നയിച്ച രണ്ട് പരമ്പരകളും ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു. ന്യൂസിലൻഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങളുമെടുക്കു. ആദ്യ ഏകദിനത്തില്‍ ഹെൻറി നിക്കോള്‍സ് - ഡെവൊണ്‍ കൊണ്‍വെ കൂട്ടുകെട്ട് 117 റണ്‍സ്, രണ്ടാം മത്സരത്തില്‍ വില്‍ യങ് - ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് 162 റണ്‍സ്. ഇൻഡോറില്‍ ഡാരില്‍ മിച്ചല്‍ - ഗ്ലെൻ ഫിലിപ്‌സ് സഖ്യം 219 റണ്‍സ്.

ബൗളര്‍മാരെ കൃത്യമായി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ മൈതാനത്ത് തുടരുകയായിരുന്നു ഗില്‍ എന്ന നായകൻ. കുല്‍ദീപ് യാദവ്, നിതീഷ് കുമാ‍ര്‍ റെഡ്ഡി, മുഹമ്മദ് സിറാജ് എന്നിവരെ ഏത് ഘട്ടത്തില്‍ പ്രയോഗിക്കണമെന്നും ഗില്ലിന് ധാരണയുണ്ടായില്ല. കുല്‍ദീപ് എന്ന ട്രമ്പ് കാര്‍ഡ് ക്രാക്ക് ചെയ്യാൻ ന്യൂസിലൻഡിന് സാധിച്ചു. ഡാരി‍ല്‍ മിച്ചലിനെതിരെ ഒരുവിധ പദ്ധതികളും ഗില്ലിനോ ഗംഭീറിനോ ഉണ്ടായില്ല. രണ്ട് സെഞ്ചുറികളും ഒരു അര്‍ദ്ധ സെഞ്ചുറിയും മിച്ചല്‍ അനായാസം നേടി. ഇതിലെല്ലാം ഉപരിയാണ് ഇന്ത്യയുടെ ടീം സെലക്ഷൻ.

വൈറ്റ് ബോളില്‍ പ്രൂവണായിട്ടുള്ള വിക്കറ്റ് ടേക്കര്‍മാര്‍ എത്രപേരുണ്ടായിരുന്നു പരമ്പരയിലെന്ന് നോക്കാം. കുല്‍ദീപ് യാദവും അര്‍ഷദീപ് സിങ്ങും മാത്രമാണ് ആ തലക്കെട്ടിന് യോജിച്ചവര്‍. സിറാജ് എക്കണോമിക്കലാണെങ്കിലും വിക്കറ്റെടുക്കുന്നതില്‍ സ്ഥിരതയില്ല. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും ഹൈലി എക്‌സ്പെൻസീവുമാണ്. അര്‍ഷദീപ് പരമ്പരയില്‍ കളിച്ചത് ആകെ ഒരു മത്സരം, അവസാന ഏകദിനം, നേടിയത് മൂന്ന് വിക്കറ്റുകളും. എന്തുകൊണ്ട് അര്‍ഷദീപിന് അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നത് ചോദ്യമാണ്.

പരിചയസമ്പന്നനായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവ‍ര്‍ക്ക് ടീമില്‍ സ്ഥാനവുമില്ല. ബുമ്ര കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും ഭാഗമായിട്ടില്ല. ഷമിയ്ക്ക് മുന്നില്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ വാതില്‍ അടഞ്ഞതിന് സമാനമാണ് കാര്യങ്ങള്‍. വിശ്രമം അനുവദിച്ചും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയും ഗംഭീറിന്റെ തന്ത്രങ്ങള്‍ തുടരുമ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ ഗ്രാഫ് താഴേക്കാണ് കുതിക്കുന്നതെന്ന് മാത്രം.

ഇനി മുന്നിലുള്ളത് ട്വന്റി 20 ലോകകപ്പാണ്. സമീപകാലത്ത് ഏറ്റവും സ്ഥിരതയുള്ളതും ഡൊമിറ്റേങ്ങുമായുള്ള ട്വന്റി 20 ടീം ഇന്ത്യയുടേതാണ്. ലോകകപ്പ് നേടാനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലനകാലത്തിന് കര്‍ട്ടൻ വീഴാനുള്ള സാധ്യതകൂടുതലാണ്.