ലോകത്തെ മുന്‍നിര ടി20 ലീഗായ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആഡം സാംപ വെളിപ്പെടുത്തി. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് (പിഎസ്എല്‍) താരം കളിക്കുന്നത്.

കറാച്ചി: ലോകത്തെ മുന്‍നിര ടി20 ലീഗായ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആഡം സാംപ. ഐപിഎല്ലിലെ വിദേശ സ്പിന്നര്‍മാരോടുള്ള അവഗണനയും പ്രതിഫലത്തിലെ കുറവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സാംപ വെളിപ്പെടുത്തി. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. വിദേശ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഐപിഎല്‍ ലേലത്തില്‍ അര്‍ഹമായ മൂല്യം ലഭിക്കുന്നില്ലെന്ന് സാംപ തുറന്നുപറഞ്ഞു.

സാംപയുടെ വാക്കുകള്‍... ''ഈ വര്‍ഷം ഞാന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. സത്യസന്ധമായി പറഞ്ഞാല്‍, എന്റെ കഴിവിനുള്ള അര്‍ഹമായ പണം അവിടെ ലഭിക്കുന്നില്ല. മറ്റ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.'' സാംപ പറഞ്ഞു. കൂടാതെ, ഐപിഎല്‍ നീണ്ടുനില്‍ക്കുന്ന ഒരു ടൂര്‍ണമെന്റാണെന്നും അത്രയും സമയം അവിടെ ചെലവഴിക്കുന്നത് ലാഭകരമായ തീരുമാനമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

2016-ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിലൂടെയാണ് സാംപ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമായെങ്കിലും ഒരൊറ്റ സീസണില്‍ പോലും ആറില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ആകെ കളിച്ച 22 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 8.37 എക്കോണമിയില്‍ 31 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന് വിശ്രമിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നും എന്നാല്‍ അവസാന നിമിഷമാണ് പിഎസ്എല്ലില്‍ കളിക്കാന്‍ തീരുമാനിച്ചതെന്നും സാംപ വ്യക്തമാക്കി. ഐപിഎല്‍ നിയമപ്രകാരം ഇലവനില്‍ നാല് വിദേശ താരങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

മിക്ക ടീമുകളും വിദേശ ഫാസ്റ്റ് ബോളര്‍മാരെയോ ഓള്‍റൗണ്ടര്‍മാരെയോ ആണ് ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. ഇന്ത്യയില്‍ മികച്ച സ്പിന്നര്‍മാരുടെ വലിയ നിര തന്നെയുള്ളതിനാല്‍ വിദേശ സ്പിന്നര്‍മാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല.

YouTube video player