സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യക്കായി ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റ് നഷ്ടമായശേഷം  ക്രീസിലെത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ചേസിംഗില്‍ മാസ്റ്ററായ കോലിയിലായിരുന്നു ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍. പക്ഷെ തുടക്കത്തിലെ ഹേസല്‍വുഡിന്‍റെ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു.

ഡീപ് ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് ആദം സാംപക്ക് അനായാസം കൈപ്പിടിയില്‍ ഒതുക്കാമായിരുന്നെങ്കിലും സാംപയുടെ കൈകള്‍ക്കുള്ളിലൂടെ പന്ത് ചോര്‍ന്നുപോയത് ഓസീസ് താരങ്ങള്‍ അവിശ്വസനീയതയോടെയാണ് കണ്ടുനിന്നത്. കാരണം അവര്‍ക്ക് കളി ജയിക്കാന്‍ കോലിയുടെ വിക്കറ്റ് അത്രമാത്രം പ്രധാനമായിരുന്നു. എന്നാല്‍ വീണുകിട്ടിയ ജീവന്‍ മുതലാക്കാന്‍ പക്ഷെ കോലിക്കായില്ല. 21 റണ്‍സെടുത്ത കോലി ഹേസല്‍വുഡിന്‍റെ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി.

ഐപിഎല്ലില്‍ കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്നു ആദം സാംപ. അതുകൊണ്ടുതന്നെ അടുത്തതവണ ഐപിഎല്‍ കരാര്‍ കിട്ടാനുള്ള കൈവിട്ട കളിയാണോ സാംപ നടത്തിയതെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ട്വിറ്ററിലൂടെയാണ് ഹോഗ്, സാംപയെ ട്രോളി രംഗത്തെത്തിയത്.

ഐപിഎല്‍ കരാര്‍ കിട്ടുമെങ്കില്‍ കോലിയുടെ ക്യാച്ചുകളെല്ലാം കൈവിടാമെന്നും ഹോഗ് കുറിച്ചു. കോലിയെ കൈവിട്ടെങ്കിലും രാഹുലിന്‍റെയും പാണ്ഡ്യയുടെയും ധവാന്‍റെയും വിക്കറ്റുകള്‍ അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ സാംപ ഓസീസിന്‍റെ വിജയശില്‍പിയായിരുന്നു.