കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി അദാനി ട്രിവാൻഡ്രം റോയൽസ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. റോബിൻ റെഡ്, നേവി ബ്ലൂ നിറങ്ങളിലുള്ള പ്രധാന ജേഴ്സിയും കടൽ പച്ച, നേവി ബ്ലൂ നിറങ്ങളിലുള്ള രണ്ടാം ജേഴ്സിയും പ്രകാശനം ചെയ്തു.

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) മുന്നോടിയായി അദാനി ട്രിവാൻഡ്രം റോയൽസ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും സംവിധായകനുമായ പ്രിയദർശൻ, അദാനി ഗ്രൂപ്പ് കേരള റീജിയണൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ, ജെയിൻ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് ഇൻഡസ്ട്രി ഇനിഷ്യേറ്റീവ്സ് ഡോ. രാധാകൃഷ്ണൻ ഉണ്ണി, മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ. മത്തായി, ​ഗോ ഈസി സി.ഇ.ഒ പി.ജി. രാംനാഥ്, നിംസ് ഹോസ്പിറ്റലിലെ ഡോ. രാജ് ശങ്കർ എന്നിവർ ചേർന്നാണ് പ്രധാന ജേഴ്സി പുറത്തിറക്കിയത്. ടീമിന്‍റെ ഔദ്യോഗിക ഗാനം പശ്ചാത്തലത്തിൽ മുഴങ്ങിയത് ചടങ്ങിന് ആവേശം പകർന്നു.

​ടീമിന്‍റെ തത്വങ്ങളും ലക്ഷ്യങ്ങളും കൃത്യമായി പ്രതിഫലിക്കുന്ന രീതിയിലാണ് ജേഴ്സിയുടെ നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ റെഡ്, നേവി ബ്ലൂ സംയോജനമാണ് പ്രധാന ജേഴ്സിയുടെ പ്രത്യേകത. തന്‍റെ ഇടം സംരക്ഷിക്കാൻ ശൗര്യത്തോടെ പോരാടുന്ന റോബിൻ പക്ഷിയുടെ ഊർജ്ജവും അടങ്ങാത്ത പോരാട്ടവീര്യവുമാണ് പ്രധാന ജേഴ്സിയിലെ റോബിൻ റെഡ് നിറത്തിന്‍റെ പ്രചോദനം. കളിക്കളത്തിൽ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ വിജയത്തിനായി പൊരുതാനുള്ള ടീമിന്‍റെ നിശ്ചയദാർഢ്യമാണ് ഈ നിറം സൂചിപ്പിക്കുന്നത്. നേവി ബ്ലൂ ടീമിന്‍റെ സ്ഥിരതയെയും പ്രൊഫഷണൽ സമീപനത്തെയും അടയാളപ്പെടുത്തുന്നു. 'റോയൽസ്' എന്ന പേരിനോട് നീതിപുലർത്തി, നിർഭയവും തന്ത്രപരവുമായ ക്രിക്കറ്റ് ശൈലി കാഴ്ചവെക്കാനുള്ള ടീമിന്‍റെ ഉറച്ച തീരുമാനത്തെയാണ് ഈ നിറങ്ങളുടെ സംയോജനം വ്യക്തമാക്കുന്നത്.

​രണ്ടാം ജേഴ്സി മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ. മത്തായിയും നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. സജു കെ.എയും ചേർന്ന് പുറത്തിറക്കി. കടൽ പച്ച, നേവി ബ്ലൂ കോമ്പിനേഷനാണ് രണ്ടാം ജേഴ്സി. ടീം അംഗങ്ങളുടെ കായികക്ഷമതയും മാനസികമായ കരുത്തുമാണ് ഈ ജേഴ്സി പ്രതിനിധീകരിക്കുന്നത്. സമ്മർദ്ദമേറിയ കളി സാഹചര്യങ്ങളിൽ ശാന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള ടീമിന്‍റെ കഴിവിനെയാണ് കടൽ പച്ച നിറം പ്രതിനിധീകരിക്കുന്നത്. പുതുമയുടെയും വളർച്ചയുടെയും പ്രതീകമായ ഈ നിറം, പുതിയ തുടക്കത്തെ ശുഭപ്രതീക്ഷയോടെ കാണാനുള്ള ടീമിന്‍റെ മനോഭാവത്തെയും അടയാളപ്പെടുത്തുന്നുണ്ട്.

കൂടാതെ, കളിക്കളത്തിന് പുറത്തുള്ള ടീമിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളം കൂടിയാണ് ഈ നിറം. ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുമ്പോൾ, ലഹരിരഹിത ജീവിതം നൽകുന്ന സന്തുലിതാവസ്ഥയും മാനസികമായ ഉണർവും ഈ നിറം ഓർമ്മിപ്പിക്കുന്നു. പുതു തലമുറയ്ക്ക് ശരിയായ ദിശാബോധം നൽകാനും സമൂഹത്തിന് കരുതലാകാനുമുള്ള ടീമിൻ്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനം കൂടിയാണ് രണ്ടാം ജേഴ്സി.

​ടീമിന്‍റെ ലഹരിവിരുദ്ധ പ്രചാരണങ്ങളെക്കുറിച്ചും ടീം ഉടമ ഷിബു മത്തായി വിശദീകരിച്ചു. സെപ്റ്റംബർ അവസാനം വയനാട്ടിൽ നടക്കുന്ന കെ.യു.ഡബ്ല്യു. ജെ ടി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ടൈറ്റിൽ സ്പോൺസർ കൂടിയാണ് ട്രിവാൻഡ്രം റോയൽസ് എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ടീം ഡയറക്ടർ റിയാസ് ആദം ടീം അംഗങ്ങളെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫിനെയും വേദിയിൽ പരിചയപ്പെടുത്തി. ഹെഡ് കോച്ച് മനോജ്, ടീം മാനേജർ രാജു മാത്യു, ക്യാപ്റ്റൻ കൃഷ്ണപ്രസാദ് എന്നിവർ വിശിഷ്ടാതിഥികൾക്കൊപ്പം വേദിയിൽ അണിനിരന്നു.

ചടങ്ങിൽ അദാണി ട്രിവാൻഡ്രം റോയൽസ് ടീം സി.ഇ.ഒ രവി വെങ്കട്, നിംസ് മെഡിസിറ്റി മാനേജർ രാജേഷ് കുമാർ എസ്.വി, സീനിയർ ഓർത്തോ സർജൻ ഡോ. രാജ് ശങ്കർ, ടീം പി.ആർ ഹെഡ് ഡോ. മൈഥിലി എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക