ലക്‌നൗ: നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആദ്യ ടി20യില്‍ അഫ്‌ഗാനിസ്ഥാനെതിരായ വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പൊള്ളാര്‍ഡും സംഘവും 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അഫ്‌ഗാന് 134 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 164/5 (20.0), അഫ്‌ഗാന്‍- 134/9 (20.0) 

നേരത്തെ, 41 പന്തില്‍ ആറ് സിക്‌സും നാല് ഫോറും സഹിതം 68 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂവിസാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 21 ഉം ദിനേഷ് രാംദിന്‍ 20 ഉം റണ്‍സെടുത്തു. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗളിംഗിലും പൊള്ളാര്‍ഡ് മികച്ചുനിന്നു.

മറുപടി ബാറ്റിംഗില്‍ നാല് അഫ്‌ഗാന്‍ താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഹസ്രത്തുള്ള സാസൈ(23), അസ്‌ഗര്‍ അഫ്‌ഗാന്‍(25), നജീബുള്ള സദ്രാന്‍(27), ഫരീദ് മാലിക്ക്(24) എന്നിങ്ങനെയാണ് സ്‌കോര്‍. മൂന്ന് വിക്കറ്റുമായി കെസ്‌റിക് വില്യംസും രണ്ട് പേരെ വീതം പുറത്താക്കി ഹെയ്‌ഡന്‍ വാല്‍ഷും കീറോണ്‍ പൊള്ളാര്‍ഡും ഓരോ വിക്കറ്റുമായി ഷെല്‍ഡന്‍ കോട്‌റെലും ജാസന്‍ ഹോള്‍ഡറും തിളങ്ങി.