സിംബാബ്‌വെക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ചതോടെ അന്താരാഷ്‌ട്ര ടി20യില്‍ നായകനായി അസ്‌ഗാര്‍ 41 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 

അബുദാബി: അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകനെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒപ്പമെത്തി അഫ്‌ഗാനിസ്ഥാന്‍റെ അസ്‌ഗാര്‍ അഫ്‌ഗാന്‍. സിംബാബ്‌വെക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ചതോടെ അന്താരാഷ്‌ട്ര ടി20യില്‍ നായകനായി അസ്‌ഗാര്‍ 41 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 

ധോണി 72 മത്സരങ്ങളില്‍ നിന്നാണ് 41 ജയങ്ങള്‍ നേടിയതെങ്കില്‍ 51 മത്സരങ്ങളേ അസ്‌ഗാറിന് വേണ്ടിവന്നുള്ളൂ. ധോണിയുടെ വിജയശരാശരി 59.28 ഉം അസ്‌ഗാറിന്‍റേത് 81.37 ഉം ആണ്. എന്നാല്‍ അഫ്‌ഗാന്‍ നായകനുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക ക്രിക്കറ്റിലെ കരുത്തന്‍ ടീമുകള്‍ക്കെതിരെയായിരുന്നു ധോണിയുടെ പോരാട്ടങ്ങളെല്ലാം. 2007ലെ ടി20 ലോകകപ്പ് ജയമുള്‍പ്പടെയാണിത്. 58 മത്സരങ്ങളില്‍ 33 ജയവുമായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്. 

രണ്ടാം ടി20യില്‍ 45 റണ്‍സിനാണ് സിംബാബ്‌വെയെ അഫ്‌ഗാനിസ്ഥാന്‍ തോല്‍പിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ ഉസ്‌മാന്‍ ഖാനി(49), കരീം ജനാത്ത്(53), മുഹമ്മദ് നബി(40) എന്നിവരുടെ ബാറ്റിംഗില്‍ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സെടുത്തു. 

മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.1 ഓവറില്‍ 148 റണ്‍സില്‍ പുറത്തായി. 40 റണ്‍സെടുത്ത റയാന്‍ ബേളാണ് ടോപ് സ്‌കോറര്‍. റാഷിദ് ഖാന്‍ മൂന്നും മുഹമ്മദ് നബിയും നവീന്‍ ഉള്‍ ഹഖും രണ്ട് വീതവും വിക്കറ്റ് നേടി. ഓള്‍റൗണ്ട് മികവുമായി നബിയാണ് മത്സരത്തിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ 2-0ന് മുന്നിലെത്തി അഫ്‌ഗാന്‍. പരമ്പരയിലെ അവസാന മത്സരം അബുദാബിയിലെ ഷെയ്‌ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും. 

ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി