എക്കാലവും കടപ്പെട്ടിരിക്കും! അഫ്ഗാനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ആരാധകരോട് ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി
ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഫസല്‍ഹഖ് ഫാറൂഖിയാണ് ലങ്കയെ തകര്‍ത്തത്.

പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ കൂടി തങ്ങളുടെ കരുത്ത് തെളിയിച്ചു. ഇത്തവണ വീണത് ശ്രീലങ്ക. നേരത്തെ ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരും അഫ്ഗാന് മുന്നില്‍ മൂക്കുകുത്തി വീണിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്താനും അഫ്ഗാനായി. പാകിസ്ഥാനും ഇംഗ്ലണ്ടും ബംഗ്ലാദേശുമെല്ലാം അഫ്ഗാന് പിറകിലാണ്. ആറ് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് ടീമിനുള്ളത്. വെള്ളിയാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെതിരെയാണ് അഫ്ഗാന്റെ മത്സരം.
ഇപ്പോള്‍ അഫ്ഗാന്റെ ലോകകപ്പ് പ്രയാണത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി. മത്സരശേഷം താരം പറഞ്ഞതിങ്ങനെ... ''ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം, ഏറെ സന്തോഷവും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ഏത് വിജയലക്ഷ്യവും പിന്തുടരാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ മത്സരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി. എല്ലാ കോച്ചിംഗ്, മാനേജിംഗ് സ്റ്റാഫുകളും കഠിനാധ്വാനം ചെയ്യുകയും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.
ഇന്ന് ബൗളര്‍മാരില്‍ നിന്ന് വളരെയേറെ പ്രൊഫഷണല്‍ സമീപനവുമുണ്ടായി. പ്രത്യേകിച്ച് ജോനാഥന്‍ ട്രോട്ട്. അദ്ദേഹം വളരെയേറെ പോസിറ്റീവാണ്. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ ചിന്താഗതി തന്നെ മാറ്റി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ടൂര്‍ണമെന്റില്‍ അത് നിലനിര്‍ത്താനാണ് ശ്രമിക്കുന്നതും. റാഷിദ് ഖാന്‍ ഏറെ കഴിവുകളുള്ള താരമാണ്. അദ്ദേഹം ഊര്‍ജസ്വലനാണ്. ടീമിനെ എപ്പോഴും പോസിറ്റീവായി നിലനിര്‍ത്താന്‍ അവനാവുന്നുണ്ട്. അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്ന എല്ലാവരോടും സ്‌നേഹം മാത്രം. ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ ഇന്ത്യന്‍ ആരാധകരോടും കടപ്പെട്ടിരിക്കും.'' അഫ്ഗാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഫസല്‍ഹഖ് ഫാറൂഖിയാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.