കാബൂളിലെ പുനരധിവാസ കേന്ദ്രത്തിന് നേരെയുണ്ടായ പാകിസ്ഥാന്റെ വ്യോമാക്രമണത്തെ അഫ്ഗാൻ ക്രിക്കറ്റ് താരം അല്ലാഹ് ഗസൻഫാർ രൂക്ഷമായി വിമർശിച്ചു. അഫ്ഗാൻ തിരിച്ചടിച്ചാൽ പാകിസ്ഥാന് അത് താങ്ങാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി. 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ പ്രധാന പുനരധിവാസ കേന്ദ്രത്തിന് നേരെയുണ്ടായ പാകിസ്ഥാന്റെ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് താരം അല്ലാഹ് ഗസന്‍ഫാര്‍. സിവിലിയന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും താരം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

വ്യോമാക്രമണത്തില്‍ ഏകദേശം 400 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഏകദേശം 250 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ലഹരിവിമുക്ത ചികിത്സ നല്‍കുന്ന 2,000 കിടക്കയുള്ള വമ്പന്‍ ആശുപത്രി സമുച്ചയത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ ഡെപ്യൂട്ടി ഗവണ്‍മെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ ഭൂരിഭാഗവും പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പാകിസ്ഥാന്‍ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

ഇതിനിടെയാണ് അഫ്ഗാന്‍ യുവ ക്രിക്കറ്റര്‍ പ്രതിഷേധം അറിയിച്ചത്. ന്യൂസ് 18-ന് നല്‍കിയ വൈകാരികമായ അഭിമുഖത്തിലാണ് ഗസന്‍ഫര്‍ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. ''ചികിത്സയ്ക്ക് പോലും പണമില്ലാത്ത പാവപ്പെട്ടവരാണ് ആ ആശുപത്രിയിലുണ്ടായിരുന്നത്. അവരെ ലക്ഷ്യം വെച്ച് വധിച്ചത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. അഫ്ഗാന്‍ ജനത ഇത് സഹിക്കില്ല. എന്തിനാണ് സാധാരണക്കാരെ കൊന്നൊടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അഫ്ഗാന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അത് വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയായാല്‍ പാകിസ്ഥാന് അത് വലിയ തിരിച്ചടിയാകും.'' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ സഹായം തേടി താരം

അഫ്ഗാനിസ്ഥാന്റെ ഉറ്റ സുഹൃത്താണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച ഗസന്‍ഫര്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെയും മറ്റു ലോകരാജ്യങ്ങളുടെയും പിന്തുണ തേടി. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ലോകം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാനിരിക്കുന്ന താരം, ക്രിക്കറ്റ് ലോകത്തിന് പുറത്തും തന്റെ രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് ഈ പ്രതികരണത്തിലൂടെ.

YouTube video player