Asianet News MalayalamAsianet News Malayalam

അഫ്​ഗാൻ ക്രിക്കറ്റിന്‍റെ മറ്റൊരു വിസ്മയം; രണ്ട് പുതുമുഖങ്ങൾ ടെസ്റ്റ് ടീമിൽ, റാഷിദ് ഖാന്‍ സ്ക്വാഡിലില്ല

റാഷിദ് ഖാന്‍ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നത് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരീക്ഷിച്ചുവരികയാണ്

Afghanistan have handed maiden call ups to Naveed Zadran Mohammad Ishaq for Sri Lanka Test Rashid Khan missed
Author
First Published Jan 29, 2024, 7:37 PM IST

കാബൂള്‍: ശ്രീലങ്കയില്‍ വച്ച് നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള 16 അംഗ സ്ക്വാഡ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചു. ഹഷ്മത്തുള്ള ഷാഹിദിയാണ് ക്യാപ്റ്റന്‍. വലംകൈയന്‍ പേസര്‍ നവീദ് സദ്രാനും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഇഷാഖിനും ആദ്യമായി ടീമിലേക്ക് ക്ഷണം കിട്ടി. അണ്‍ക്യാപ്ഡ് ബാറ്റര്‍ നൂര്‍ അലി സദ്രാനും ഇടംകൈയന്‍ സ്പിന്നര്‍ സിയാ ഉര്‍ റഹ്മാനും സ്ക്വാഡിലുള്ളതും സവിശേഷതയാണ്. അതേസമയം പരിക്കില്‍ നിന്ന് മുക്തനാവാത്ത സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

റാഷിദ് ഖാന്‍ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നത് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരീക്ഷിച്ചുവരികയാണ്. റാഷിദിന് പകരം ഖ്വായിസ് അഹമ്മദ് സ്ക്വാഡിലെത്തി. റാഷിദ് ഖാന്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 34 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ്.  

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും മുഖാമുഖം വരുന്നത്. എന്നാല്‍ ഈ മത്സരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമല്ല. കൊളംബോയില്‍ ഫെബ്രുവരി രണ്ടാം തിയതിയാണ് ശ്രീലങ്ക-അഫ്ഗാന്‍ ഏക ടെസ്റ്റ് ആരംഭിക്കുക. 2018ല്‍ ടെസ്റ്റ് പദവി ലഭിച്ച ശേഷം ആറ് മത്സരങ്ങള്‍ കളിച്ച അഫ്ഗാന്‍ ടീം രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി. ലങ്കന്‍ പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി 20 മത്സരങ്ങളും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുമെങ്കിലും സ്ക്വാഡുകള്‍ പിന്നീട് മാത്രമെ പ്രഖ്യാപിക്കൂ. 

അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ (വൈസ് ക്യാപ്റ്റന്‍), ഇക്രം അലിഖൈല്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇഷാഖ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നൂര്‍ അലി സദ്രാന്‍, അബ്ദുള്‍ മാലിക്, ബഷീര്‍ ഷാ, നാസിര്‍ ജമാല്‍, ഖ്വായിസ് അഹമ്മദ്, സഹീര്‍ ഖാന്‍, സിയാ റഹ്മാന്‍ അക്ബര്‍, യാമിന്‍ അഹമ്മദ്സായ്, നിജാത് മസൂദ്, മുഹമ്മദ് സലീം സാഫി, നവീദ് സദ്രാന്‍. 

Read more: ടെസ്റ്റ് ടീമിലേക്ക് മാസ് എന്‍ട്രി; ആരാണ് സൗരഭ് കുമാര്‍? രവീന്ദ്ര ജഡേജയ്ക്ക് പറ്റിയ പകരക്കാരനോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios