ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായാണ് 30 വയസുകാരനായ ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ സൗരഭ് കുമാറിന് ക്ഷണം ലഭിച്ചിരിക്കുന്നത്

വിശാഖപട്ടണം: ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റ് തോറ്റതിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ കെ എല്‍ രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായി. ഇരുവരും വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ലോകോത്തര ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ പോന്ന താരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെയൊരു താരത്തിന് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ച സൗരഭ് കുമാര്‍ ആരാണ് എന്ന് തിരയുകയാണ് ആരാധകര്‍. 

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായല്ല സൗരഭ് കുമാറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. 2022ല്‍ ശ്രീലങ്കയ്ക്ക് എതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ബംഗ്ലാദേശിനെതിരായ എവേ സീരീസിലും താരം ഇന്ത്യന്‍ സ്ക്വാഡില്‍ ഇടംപിടിച്ചെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. 30 വയസുണ്ട് സൗരഭ് കുമാറിന്. രവീന്ദ്ര ജഡേജയെ പോലെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറാണ് സൗരഭ് കുമാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി കളിക്കുന്ന സൗരഭ് ഇടംകൈയന്‍ ബൗളറും ബാറ്ററുമാണ് എന്നതും ജഡേജയുമായി സാമ്യമുള്ള കാര്യമാണ്. ജഡേജയുടെ നിലവാരത്തിലേക്ക് ആഭ്യന്തര ക്രിക്കറ്റില്‍ എത്തിയിട്ടില്ലാത്ത സൗരഭിന്‍റെ ബാറ്റിംഗ് ശരാശരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 27.11 ആണ്. 68 മത്സരങ്ങളില്‍ നേടിയത് 2061 റണ്‍സ്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 കളികളില്‍ 24.41 ശരാശരിയില്‍ 290 വിക്കറ്റ് വീഴ്ത്താനായത് സൗരഭ് കുമാറിന്‍റെ ബൗളിംഗ് കരുത്ത് കാട്ടുന്നു. 

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി അടുത്തിടെ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ത്യന്‍ സെലക്ഷനില്‍ സൗരഭ് കുമാറിന് അനുകൂലമായി. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ആറ് വിക്കറ്റും 77 റണ്‍സും സൗരഭ് പേരിലാക്കി. രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടം സെലക്ടര്‍മാരുടെ കണ്ണുകളില്‍ കാര്യമായി പതിഞ്ഞു. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് സൗരഭിനെ ബിസിസിഐയുടെ സീനിയര്‍ സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു. 2014 മുതല്‍ സൗരഭ് കുമാര്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. 

Read more: ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം