ഇംഗ്ലണ്ടിനെതിരായ ആവേശ ജയത്തിന് പിന്നാലെ അഫ്ഗാന്‍ സൂപ്പർ താരത്തെ താക്കീത് ചെയ്ത് ഐസിസി, ഡിമെറിറ്റ് പോയന്‍റും
ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.57 പന്തില്‍ 80 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗുര്‍ബാസ് പക്ഷെ പത്തൊമ്പതാം ഓവറില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി.
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന് താക്കീതുമായി ഐസിസി. മത്സരത്തില്‍ റണ്ണൗട്ടായി പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ അരിശത്തോടെ ബൗണ്ടറി റോപ്പിലും ഡഗ് ഔട്ടിലെ കസേരയിലും ബാറ്റുകൊണ്ട് അടിച്ചതിനാണ് ഗുര്‍ബാസിനെ താക്കീത് ചെയ്തത്. ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് ഗുര്‍ബാസ് ലെവല്‍-1 കുറ്റം ചെയ്തതായി മാച്ച് റഫറിമാരുടെ പാനല്‍ കണ്ടെത്തി. ഗുര്‍ബാസ് തെറ്റ് അംഗീകരിച്ചതിനാല്‍ ശിക്ഷ താക്കീതിലും ഒരു ഡി മെറിറ്റ് പോയന്‍റിലും പരിമിതപ്പെടുത്തുകയാണെന്ന് ഐസിസി വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.57 പന്തില്‍ 80 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗുര്‍ബാസ് പക്ഷെ പത്തൊമ്പതാം ഓവറില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി.ഇല്ലാത്ത റണ്ണിന് ശ്രമിച്ച ഗുര്‍ബാസിനെ ഡേവിഡ് വില്ലിയുടെ ത്രോയില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് റണ്ണൗട്ടാക്കിയത്.114 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം ഇബ്രാഹിം സര്‍ദ്രാന്‍റെയും റഹ്മത്ത് ഷായുടെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായതിന് പിന്നാലെയാണ് സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ് കൂടി അപ്രതീക്ഷിതമായി റണ്ണൗട്ടായി പുറത്തായത്.
ഇതിലെ നിരാശയാണ് താരം ഔട്ടായി മടങ്ങുമ്പോള്‍ ബൗണ്ടറി റോപ്പിനോടും ഡഗ് ഔട്ടിലെ കസേരയോടും തീര്‍ത്തത്.ഇതിന് പിന്നാലെയാണ് താക്കീതും ഡിമെറിറ്റ് പോയന്‍റും ശിക്ഷയായി ഐസിസി വിധിച്ചത്.അടുത്ത 24 മാസം വരെ ഈ ഡിമെറിറ്റ് പോയന്‍റ് നിലനില്‍ക്കും. നാല് ഡി മെറിറ്റ് പോയന്‍റായാല്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അഫ്ഗാന്‍ 69 റണ്‍സിനാണ് അട്ടിമറിച്ചത്. 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 215 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 80 റണ്‍സടിച്ച ഗുര്‍ബാസിന് പുറമെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് നബിയും ചേര്‍ന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ജയം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക