'ഇംഗ്ലണ്ടിനെതിരായ അട്ടിമറി ജയം ഭൂകമ്പം തകര്‍ത്ത അഫ്‌ഗാന്‍ ജനതയ്‌ക്ക് ആശ്വാസമാകട്ടെ'; വിതുമ്പി റാഷിദ് ഖാന്‍
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ജയം ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലും വിറങ്ങലിക്കുന്ന സ്വന്തം ജനതയ്‌ക്ക് സമര്‍പ്പിച്ച് അഫ്‌ഗാനിസ്ഥാന്‍ താരങ്ങള്‍, വിതുമ്പി റാഷിദ് ഖാന്‍

ദില്ലി: ഏഷ്യയിലെ അത്‌ഭുത ടീം എന്ന വിശേഷണം ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അടിവരയിടുകയാണ് അഫ്‌ഗാനിസ്ഥാന്‍. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായാണ് ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം കരുത്ത് കാട്ടിയത്. ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ടാം ജയം മാത്രമാണിത് എങ്കിലും അഫ്‌ഗാന്‍ താരങ്ങള്‍ അത്ര സന്തുഷ്‌ടരല്ല. ഒരാഴ്‌ചയ്‌ക്കിടെ മൂന്നാം ഭൂകമ്പം സ്വന്തം മണ്ണിനെ പിടിച്ചുലച്ചതിന്‍റെ ഞെട്ടിലിനിടെയാണ് അഫ്‌ഗാന്‍ താരങ്ങള്‍ ലോകകപ്പ് കളിക്കുന്നത്. ഈ കണ്ണീര്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ശേഷം സ്റ്റാര്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ വാക്കുകളിലുണ്ടായിരുന്നു.
'ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ വിജയമാണ്. ലോകത്തെ ഏത് ടീമിനെയും ഏത് ദിവസവും തകര്‍ക്കാനാകും എന്ന ആത്മവിശ്വാസം ഈ ജയം അഫ്‌ഗാനിസ്ഥാന്‍ ടീമിന് നല്‍കും. ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഊര്‍ജമാകും ഈ വിജയം. ക്രിക്കറ്റ് അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. അതിനാല്‍തന്നെ ഇംഗ്ലണ്ടിനെതിരായ വിജയം വലുതാണ്. അടുത്തിടെ ഞങ്ങള്‍ അനുഭവിച്ച ഭൂകമ്പത്തില്‍ മൂവായിരത്തിലധികം പേര്‍ മരണമടഞ്ഞിരുന്നു. ഒട്ടേറെ വീടുകള്‍ തകര്‍ന്നുതരിപ്പണമായി. അതിനാല്‍ ഈ ജയം ഞങ്ങളുടെ നാട്ടുകാരില്‍ നേരിയ ആശ്വാസവും സന്തോഷവുമുണ്ടാക്കും. ഈ ദിവസങ്ങളുടെ വേദന അല്‍പം മറക്കാന്‍ വിജയം ഉപകരിക്കും. മുജീബ് ഉര്‍ റഹ്‌മാന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഈ വിക്കറ്റില്‍ ഏത് ബോളാണ് എറിയേണ്ടത് എന്ന് നമ്മള്‍ സംസാരിച്ചിരുന്നു. മുജീബിനൊപ്പം പരിചയസമ്പന്നനായ മുഹമ്മദ് നബിയും ടീമിലുള്ളത് ഭാഗ്യമാണ്. നബിയുടെ 150-ാം മത്സരവും റഹ്‌മത്ത് ഷായുടെ 100-ാം മത്സരവുമാണിത്. ഇരുവര്‍ക്കും മറക്കാനാവാത്ത വിജയമാണ് ഇംഗ്ലണ്ടിനെതിരായത്. എന്തൊക്കെ സംഭവിച്ചാലും അവസാന നിമമിഷം വരെ പോരാടണമെന്ന് ഞാന്‍ ഡ്രസിംഗ് റൂമില്‍ വച്ച് താരങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ കുഞ്ഞ് സ്വപ്നങ്ങളുണ്ട്' എന്നും റാഷിദ് ഖാന്‍ മത്സര ശേഷം പറഞ്ഞു.
വിജയം സമര്‍പ്പിച്ച് മുജീബ്
'ഈ വിജയം അഫ്‌ഗാനിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണ്. ഇതാണ് ഒരു ടീമും താരവും എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുക. ലോകകപ്പിലെ ചാമ്പ്യന്‍മാരെ തോല്‍പിക്കുക അഭിമാന നിമിഷമാണ്. നമ്മള്‍ നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. ബൗളര്‍മാരും ബാറ്റര്‍മാരും ഗംഭീര പ്രകടനം പുറത്തെടുത്തു' എന്നും മുജീബ് ഉര്‍ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറികള്‍ക്കൊന്നിനാണ് ഇന്നലെ ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ 69 റണ്‍സിന് അട്ടിമറിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റൺസിന് നാണംകെട്ട് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി 66 റണ്‍സുമായി ഹാരി ബ്രൂക്ക് മാത്രമേ ബാറ്റിംഗില്‍ ശോഭിച്ചുള്ളൂ. 80 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസും 58 റണ്‍സെടുത്ത ഇക്രം അലിഖീലും ബാറ്റിംഗില്‍ അഫ്‌ഗാനായി തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ മൂജിബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വീതവും മുഹമ്മദ് നബി രണ്ടും വിക്കറ്റ് വീഴ്‌ത്തി. 9.3 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റാഷിദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം.
Read more: ഏകദിന ലോകകപ്പ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്‌ഗാന്‍റെ ബുദ്ധികേന്ദ്രം ഒരു ഇംഗ്ലീഷുകാരന്‍!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം