ഏകദിന ലോകകപ്പ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്‌ഗാന്‍റെ ബുദ്ധികേന്ദ്രം ഒരു ഇംഗ്ലീഷുകാരന്‍!
ലോകകപ്പിലെ ലീഗ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിക്കുകയായിരുന്നു

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അഫ്‌ഗാനിസ്ഥാന്‍റെ ഐതിഹാസിക ജയത്തിന് പിന്നിൽ ഇംഗ്ലീഷ് തന്ത്രങ്ങൾ. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായിരുന്ന ജൊനാഥൻ ട്രോട്ടിന്‍റെ ശിക്ഷണത്തിലാണ് അഫ്‌ഗാന്‍ ടീം ഇക്കുറി ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കിയത് ഇംഗ്ലണ്ട് മുൻ താരം ജൊനാഥൻ ട്രോട്ടിന്‍റെ തന്ത്രങ്ങളിലാണ്. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്വന്തം രാജ്യത്തിനെതിരെ അഫ്ഗാൻ അത്ഭുതമായപ്പോൾ വിടര്‍ന്ന പുഞ്ചിരിക്ക് പിന്നിലുണ്ട് ട്രോട്ടിന്‍റെ കഠിനാധ്വാനത്തിന്‍റെ കഥ. 14 മാസം മുൻപ് അഫ്ഗാൻ പരിശീലക മേലങ്കി അണിയുമ്പോൾ വെല്ലുവിളികൾ ഏറെ ട്രോട്ടിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ താലിബാൻ ഭരണ അട്ടിമറിയും ആഭ്യന്തര പ്രശ്നങ്ങളും ഉലച്ച അഫ്ഗാൻ ക്രിക്കറ്റിനെ പുത്തൻ പ്രതീക്ഷകൾ നൽകി ട്രോട്ട് ഒപ്പംകൂട്ടി. താരതമ്യേന കുറഞ്ഞ പ്രതിഫലവും സുരക്ഷാ ഭീഷണിയും കാരണം പലരും ഏറ്റെടുക്കാൻ വിസമ്മതിച്ച ചുമതലയ്ക്ക് സമ്മതം മൂളാന്‍ ട്രോട്ടിനുണ്ടായ പ്രേരണ അഫ്ഗാൻ ക്രിക്കറ്റിന്‍റെ സ്വതസിദ്ധ ശൈലിയും പ്രതിഭയുമായിരുന്നു. ആ ആവേശവും തന്‍റെ തന്ത്രങ്ങളും പ്രതീക്ഷയും ട്രോട്ട് താരങ്ങളിലേക്ക് പകർന്നപ്പോൾ അഫ്‌ഗാന്‍ ലോകകപ്പില്‍ ചരിത്രം കുറിച്ചു.
ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ എല്ലാ തന്ത്രങ്ങളും അറിയുന്ന മുന്‍ താരം മാത്രമല്ല ജൊനാഥന്‍ ട്രോട്ട്. 2011ൽ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ 422 റൺസ് നേടി ട്രോട്ട് ഇംഗ്ലണ്ട് ടോപ് സ്കോററായിരുന്നു. ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകകപ്പില്‍ കരുത്ത് കാട്ടിയ അഫ്ഗാൻ ടീം ജൊനാഥന്‍ ട്രോട്ട് എന്ന് ദക്ഷിണാഫ്രിക്കൻ വംശജനിൽ നിന്ന് ഇനിയുമേറെ സംഭാവനകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ലോകകപ്പിലെ ലീഗ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിക്കുകയായിരുന്നു. ദില്ലിയില്‍ 69 റൺസിനാണ് ഏഷ്യന്‍ വിസ്‌മയമായ അഫ്ഗാനിസ്ഥാന്‍റെ ഐതിഹാസിക വിജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റൺസിന് പുറത്തായി. 80 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസും 58 റണ്‍സെടുത്ത ഇക്രം അലിഖീലും ബാറ്റിംഗില്‍ അഫ്‌ഗാനായി തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ മൂജിബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വീതവും മുഹമ്മദ് നബി രണ്ടും വിക്കറ്റ് വീഴ്‌ത്തി.
Read more: 'വസീം അക്രം അല്ല ഷഹീന്‍ അഫ്രീദി, അവന് ഇത്രയധികം ഹൈപ്പ് കൊടുക്കണ്ടാ'; കടന്നാക്രമിച്ച് രവി ശാസ്‌ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം