ഡെറാഡൂണ്‍: അയര്‍ലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡ് 49.2 ഓവറില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 41.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 46 റണ്‍സ് നേടുകയും പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഗുല്‍ബാദിന്‍ നെയ്ബാണ് അഫ്ഗാന് മത്സരം എളുപ്പമാക്കിയത്. 

നേരത്തെ, നെയ്ബിനെ പുറമെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബ് റഹ്മാന്‍, ദ്വാലത് സദ്രാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. 89 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജ് ഡോക്‌റെല്‍ 37 റണ്‍സെടുത്തു. സ്റ്റിര്‍ലിങ്, ഡോക്‌റെല്‍ എന്നിവര്‍ക്ക് പുറമെ കെവിന്‍ ഒബ്രിയാന്‍ (10) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ഐറിഷ് താരം. സ്റ്റിര്‍ലിങ്- ഡോക്‌റെല്‍ കൂട്ടുക്കെട്ട് ഉയര്‍ത്തിയ 76 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാന്റെ അവസ്ഥ ഇതിലും മോശമായേനെ.

മറുപടി ബാറ്റിങ്ങില്‍ നെയ്ബിന് പുറമെ മുഹമ്മദ് ഷെഹ്‌സാദ് (43) മികച്ച പ്രകടനം പുറത്തെടുത്തു. ഹസ്രത്തുള്ള സസൈ, റഹ്മത്ത് ഷാ (22), ഹഷ്മത്തുളള ഷഹീദി (9) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. അഷ്ഗര്‍ അഫ്ഗാന്‍ (7), നജീബുള്ള സദ്രാന്‍ (12) എന്നിവര്‍ പുറത്താവാതെ നിന്നു. ബോയ്ഡ് റാങ്കിങ് രണ്ട് വിക്കറ്റെടുത്തു.